ലാഹോര്‍: ലോകകപ്പിനുള്ള താരനിരയുടെ അന്തിമ പട്ടിക പുറത്തുവിട്ടതിനു പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലാപം. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പേസര്‍ ജുനൈദ് ഖാന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ചിത്രം ട്വീറ്റ് ചെയ്താണ് ജുനൈദിന്റെ പ്രതിഷേധം. പാക് സെലക്ടര്‍മാരോടായി ‘ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണ്’ എന്ന തലക്കെട്ട് നല്‍കിയ ഫോട്ടോ പങ്കുവെച്ചായിരുന്നു ജുനൈദിന്റെ ട്വീറ്റ്.
പാകിസ്താന്‍ കഴിഞ്ഞദിവസം അവസാനിപ്പിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ജുനൈദ് അംഗമായിരുന്നു. ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങാനാകാതെ വന്നതോടെ പ്രാഥമിക സ്‌ക്വാഡില്‍ ഇല്ലാതിരുന്ന മുഹമ്മദ് ആമിറിനെ ജുനൈദിന് പകരം പാകിസ്താന്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സ് വഴങ്ങിയതാണ് ജുനൈദിന് പുറത്തേക്കുള്ള വഴി തുറന്നത്.
15 അംഗ സ്‌ക്വാഡില്‍ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി. ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. ജുനൈദ് ഖാനൊപ്പം ആബിദ് അലി, ഫഹീം അഷ്റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മധ്യനിര ബാറ്റിങ്ങിനായാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്തു നിന്നാണ് വഹാബ് റിയാസ് ടീമിലേക്ക് വീണ്ടും നടന്നുകയറിയത്.
പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്:
സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ആസിഫ് അലി, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന്‍.
Discussion about this post