ചോരയൊലിക്കുന്ന തകര്‍ന്ന കാല്‍മുട്ടുമായി ആരോടും ഒന്നും പറയാതെ ബാറ്റേന്തി വാട്‌സണ്‍; വീണു പോയത് ചെന്നൈയല്ല ഈ പോരാളിയെന്ന് സോഷ്യല്‍മീഡിയ; കൈയ്യടി

ചെന്നൈ തോല്‍വിയിലേക്ക് വീണതിനേക്കാള്‍ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കുന്നത് സൂപ്പര്‍താരം ഷെയ്ന്‍ വാട്‌സണ്‍ കാഴ്ചവെച്ച ആത്മസമര്‍പ്പണമാണ്.

ഹൈദരാബാദ്: വിജയമുറപ്പിച്ചിടത്തു നിന്നും കാല്‍തെന്നി ചെന്നൈ തോല്‍വിയിലേക്ക് വീണതിനേക്കാള്‍ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കുന്നത് സൂപ്പര്‍താരം ഷെയ്ന്‍ വാട്‌സണ്‍ കാഴ്ചവെച്ച ആത്മസമര്‍പ്പണമാണ്. കാല്‍മുട്ടിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചു കൊണ്ടായിരുന്നു വേദനകൊണ്ട് പുളഞ്ഞപ്പോഴും വാട്‌സണ്‍ ടീമിന്റെ വിജയത്തിനായി ബാറ്റേന്തിയത്. വൈദ്യസഹായം തേടാനോ പരിക്കേറ്റ് കളം വിടാനോ വാട്‌സണ്‍ തയ്യാറായില്ല. ടീമിന്റെ വിജയം മാത്രമായിരുന്നു മുന്നില്‍. പക്ഷെ മുംബൈയുടെ ഭാഗ്യത്തിനു മുന്നില്‍ ചെന്നൈ വീണുപോയി.

നായകന്‍ ധോണി ഈ കിരീട നഷ്ടത്തോടെ മുമ്പില്ലാത്ത വിധം തകര്‍ന്നുപോയെന്ന വെളിപ്പെടുത്തലുകള്‍ വരുന്നതിനിടെയാണ് ചോരപടര്‍ന്ന ജേഴ്‌സിയുമായി പോരാടുന്ന വാട്‌സന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വേദന കടിച്ചമര്‍ത്തിയാണ് വാട്‌സണ്‍ ബാറ്റ് ചെയ്തതെന്ന് സഹതാരം ഹര്‍ഭജന്‍ സിങും സാക്ഷ്യപ്പെടുത്തുന്നു.

വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ക്രീസില്‍ ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്‌സന്റെ കാലിന് പരുക്ക് പറ്റിയത്. പക്ഷേ പരുക്ക് പുറത്തറിയിക്കാനോ ആരുടെയെങ്കിലോ സഹായം തേടാനോ മുതിരാതെ നിശബ്ദമായി എല്ലാമ സഹിക്കുകയായിരുന്നു വാട്‌സണ്‍. വാട്‌സന്റെ കാലില്‍ ആറ് സ്റ്റിച്ചുകള്‍ വേണ്ടിവന്നെന്ന് ഹര്‍ഭജന്‍ പറയുന്നു.

59 പന്തില്‍ 80 റണ്‍സെടുത്താണ് വാട്‌സണ്‍ പുറത്തായത്. വാട്‌സന്റെ വിക്കറ്റിന് ചെന്നൈയ്ക്ക് വലിയ വിലകൊടുക്കേണ്ടിയും വന്നു. അവസാന ഓവറില്‍ 9 റണ്‍സ് നേടിയാല്‍ ചെന്നൈയ്ക്കു വിജയത്തിലെത്താമായിരുന്നു. മലിംഗയുടെ നാലാം പന്തില്‍ രണ്ടാം റണ്‍സിനായുള്ള ഓട്ടത്തിനിടെ വാട്‌സന്‍ റണ്ണൗട്ടാവുകയായിരുന്നു. 2 പന്തു ബാക്കി നില്‍ക്കെ 4 റണ്‍സാണ് അപ്പോള്‍ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. ഒടുവില്‍ ഒരു റണിന് ചെന്നൈ തോല്‍ക്കുകയും ചെയ്തു.

Exit mobile version