ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ കിരീടം സ്വന്തമാക്കി നാലാം ചാമ്പ്യന്‍ പട്ടത്തോടെ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ തവണ ലീഗ് കപ്പുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. അതേസമയം, അഞ്ചുതവണ ഐപിഎല്‍ ചാമ്പ്യനാകുന്ന ഏകതാരമായി മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും റെക്കോര്‍ഡിട്ടു. ഐപിഎല്‍ ഫൈനലില്‍ കയറിയപ്പോഴെല്ലാം കപ്പെടുത്ത് ഭാഗ്യനായകനായിരിക്കുകയാണ് ഇതോടെ രോഹിത്. ഇതുവരെ ഫൈനലില്‍ തോല്‍ക്കാത്ത രോഹിത്തിനെ നായകന്മാരുടെ കൂട്ടത്തിലെ സൂപ്പര്‍സ്റ്റാറെന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.
രോഹിത്തിന് കീഴില്‍ ഫൈനലില്‍ മാത്രമല്ല, ഈ സീസണിലെ മറ്റു മൂന്ന് മത്സരങ്ങളിലും മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തിലാകട്ടെ ഒരു റണ്ണിന്റെ ത്രില്ലിങ് വിജയമാണ് രോഹിത്തിന്റെ മുംബൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ അഞ്ച് ഐപിഎല്‍ കപ്പ് വിജയമെന്ന റെക്കോര്‍ഡ് രോഹിത്തിന് സ്വന്തമായി.
2009ല്‍ ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ താരമായിരിക്കെയാണ് രോഹിത്തിനെ തേടി ആദ്യ ഐപിഎല്‍ കിരീടമെത്തുന്നത്. അന്ന് നായകന്‍ ഗില്‍ക്രിസ്റ്റിന് കീഴില്‍ കിരീടമുയര്‍ത്തിയവരുടെ കൂട്ടത്തില്‍ രോഹിത്തുമുണ്ടായിരുന്നു. അന്നും ഫൈനല്‍ പോരാട്ടം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു. ഇപ്പോള്‍ മുംബൈ നായകനായി നാലാം തവണ കിരീടമുയര്‍ത്തിയതും ഹൈദരാബാദില്‍ തന്നെ.
എംഎസ് ധോണിയെ രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ കൊണ്ട് ഭാഗ്യനായകനെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും കളിച്ച 10 ട്വന്റി-ട്വന്റി ഫൈനലുകളില്‍ 9 തവണയും വിജയിച്ച രോഹിത് ശര്‍മ്മയല്ലേ യഥാര്‍ത്ഥ ഭാഗ്യതാരമെന്ന് സോഷ്യല്‍മീഡിയ ചോദിക്കുകയാണ്. 2007ല്‍ ഇന്ത്യ സ്വന്തമാക്കിയ ആദ്യ ട്വന്റി-ട്വന്റി ലോകകപ്പ് ഫൈനലിലും രോഹിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2013ലെ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനൊപ്പവും രോഹിത്തുണ്ടായിരുന്നു. 2006ലെ ഏഷ്യാ കപ്പ് വിജയത്തിലും 2018ലെ നിദാഹാസ് കപ്പ് വിജയത്തിലും ഇന്ത്യയ്‌ക്കൊപ്പം രോഹിത് പങ്കുചേര്‍ന്നു.
ഐപിഎല്ലിന്റെ കാര്യത്തിലാകട്ടെ, ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 2009ല്‍ ആദ്യകപ്പ് നേടികൊണ്ടാണ് രോഹിത് ചാമ്പ്യന്‍ റെക്കോര്‍ഡിന്റെ ആദ്യ ചുവടുവെച്ചത്. പിന്നീട് 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യകപ്പും നായകനെന്ന നിലയിലെ ആദ്യകപ്പും സ്വന്തമാക്കി റെക്കോര്‍ഡ് വേട്ടയ്ക്ക് ഇറങ്ങിത്തിരിച്ചു. 2015, 2017ലും മുംബൈ നായകനായി കപ്പില്‍ മുത്തമിട്ട രോഹിത്ത് 2019ലും നേട്ടം ആവര്‍ത്തിച്ചു.
ബാറ്റ് കൊണ്ട് വലിയ പ്രകടനമൊന്നും നടത്താനായില്ലെങ്കിലും നായകനെന്ന നിലയില്‍ രോഹിത് ടീമിന് മുതല്‍ക്കൂട്ടാവുകയായിരുന്നു. തന്ത്രപരമായ ബോളിങ് ചേഞ്ചുകളും ഫീല്‍ഡിലെ മാറ്റങ്ങളും വരുത്തി രോഹിത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. നിര്‍ണ്ണായകമായ 19ാം ഓവര്‍ മല്ലിംഗയെ ഏല്‍പ്പിച്ച തീരുമാനവും രോഹിത്തിന്റെ വിജയത്തിലേക്കുള്ള അളവ് കണക്കുകൂട്ടലുകളെ ശരിവെയ്ക്കുന്നതായിരുന്നു.
ഐപിഎല്ലില്‍ ആകെ അഞ്ച് കപ്പുകളില്‍ മുത്തമിട്ട രോഹിത്തിന് തൊട്ടുപിന്നാലെയായി നാല് കപ്പ് വിജയങ്ങളോടെ ഹര്‍ഭജന്‍ സിങും അമ്പാട്ടി റായിഡുവുമുണ്ട്. ഹര്‍ഭജനും റായിഡുവും 3 കപ്പ് വിജയങ്ങള്‍ ആഘോഷിച്ചത് മുംബൈയ്ക്ക് ഒപ്പമായിരുന്നു. ചെന്നൈയ്ക്ക് ഒപ്പം ഒരു കപ്പ് നേട്ടത്തിലും ഇരുവരും പങ്കാളികളായി.
In a game that went down to the wire, @mipaltan won the @IPL final against @ChennaiIPL. #IPL2019Final #MIvCSK https://t.co/XqiGx3nLEk
— Twitter Moments India (@MomentsIndia) May 12, 2019