മുംബൈ: ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് ഇനി ടീം ഇന്ത്യയ്ക്ക് ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്. വേണ്ടത്ര വിശ്രമം താരങ്ങള്‍ക്ക് ലഭിക്കാനും പോകുന്നില്ല. 22നാണ് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യമത്സരം കളിക്കുന്നതിനുമുമ്പായി പരിശീലനമത്സരങ്ങളുണ്ടാകും. ഏറെ നിര്‍ണ്ണായകമായ പാകിസ്താനെതിരായ പോരാട്ടവും ഇത്തവണ ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ താരങ്ങളുടെ വിശ്രമമില്ലാത്ത കളി ലോകകപ്പ് പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നു കേട്ടിരുന്നതാണ്. എന്നാല്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആശങ്കകളെ എതിര്‍ത്ത് ഉപനായകന്‍ രോഹിത് ശര്‍മ്മ തന്നെ രംഗത്തുവരികയും മുംബൈ ടീമിലെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മുംബൈ കിരീടപോരാട്ടത്തില്‍ വിജയിച്ച് 12ാം സീസണ്‍ ഐപിഎല്‍ ചാമ്പ്യന്മാരായതോടെ ആരാധകര്‍ ആനന്ദത്തിന്റെ പരകോടിയിലെത്തിയെങ്കിലും ഇനി വരാനിരിക്കുന്നത് ആശങ്കയുടെ നാളുകളാണ്. 17 ദിവസങ്ങള്‍ മാത്രം ലോകകപ്പിന് ബാക്കി നില്‍ക്കെ പതിനഞ്ചംഗ ടീമിലെ മുഴുവന്‍ താരങ്ങളും ഐപിഎല്‍ കളിച്ചവരാണ്. ആകെ 60 മത്സരങ്ങള്‍. വിശ്രമമില്ലാതെ ഒരുദിനം ഇടവിട്ടുള്ള കളികള്‍ കളിക്കാരെ തളര്‍ത്തി. വിശ്രമം ആര്‍ക്കും ലഭിച്ചിട്ടില്ല. ക്വാളിഫയറിന് മുന്നോടിയായുള്ള പോരാട്ടത്തില്‍ തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പേസര്‍മാര്‍ക്ക് വിശ്രമം നല്‍കണമെന്നാണ് കോഹ്‌ലി മുമ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സെലക്ഷന്‍ ടീമിനു മുന്നില്‍ എതിര്‍പ്പ് അവതരിപ്പിച്ച് രോഹിത് രംഗത്തെത്തുകയായിരുന്നു.
നിലപാട് മയപ്പെടുത്തിയ കോഹ്‌ലി, താരങ്ങള്‍ ലോകകപ്പ് എപ്പോഴും മനസില്‍ സൂക്ഷിക്കണമെന്നും തങ്ങളെ കൊണ്ട് സാധിക്കില്ലെന്ന് തോന്നുന്ന നിമിഷം വിശ്രമത്തിന് തയ്യാറാകണമെന്നും ആവശ്യപ്പട്ടിരുന്നു. ഏതായാലും കപ്പ് മുംബൈയ്ക്ക് ലഭിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് ആശ്വസിക്കാം. എന്നാല്‍ ലോകകപ്പിലെ പ്രകടനത്തില്‍ തിരിച്ചടികളുണ്ടായാല്‍ എംഎസ് ധോണിയും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെട്ട ഐപിഎല്‍ നായകന്മാര്‍ മറുപടി നല്‍കേണ്ടി വരും. ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്ന ജസ്പ്രീത് ഭൂമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം തൊട്ട് ഫൈനല്‍ വരെ 16 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഏറ്റവും കൂടുതല്‍ വിശ്രമം ആവശ്യമുള്ള താരങ്ങള്‍. ഇരുവരും ടൂര്‍ണമെന്റിന് ഇടയ്ക്ക് വിശ്രമമെടുത്തിട്ടില്ല.
ലോകകപ്പ് ടീമംഗങ്ങളായ നായകന്‍ കോഹ്‌ലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങള്‍ 14 ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ്. വിജയ് ശങ്കറും ഭുവനേശ്വര്‍ കുമാറും 15 മത്സരങ്ങളും പൂര്‍ത്തിയാക്കി.
രോഹിത് ശര്‍മ്മയും എംഎസ് ധോണിയും ഫൈനല്‍ പോരാട്ടത്തോടെ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഫൈനലിന് മുമ്പ് തന്നെ ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ഭൂമ്ര തുടങ്ങിയവര്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലോകകപ്പ് സ്‌ക്വാഡിലെ കുല്‍ദീപ് യാദവ് മാത്രമാണ് 10ല്‍ താഴെ മത്സരങ്ങള്‍ കളിച്ച താരം. കൊല്‍ക്കത്ത താരമായ കുല്‍ദീപ് മോശം പ്രകടനത്തെ തുടര്‍ന്ന് 9 മത്സരങ്ങളോടെ പിന്മാറിയിരുന്നു.
മാര്‍ച്ച് 23ന് ചെന്നൈ ചിദംബര സ്‌റ്റേഡിയത്തിലാണ് ഐപിഎല്‍ 12-ാംപതിപ്പിന് തുടക്കമായത്. ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സീസണ്‍ അവസാനം ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. താരത്തിന് പകരക്കാരനെ തേടുകയാണ് ഇപ്പോള്‍ ബിസിസിഐയെന്നും അതല്ല, പരിക്കുമാറി താരം തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 23നാണ് അവസാന പതിനഞ്ചംഗ ടീമിന്റെ പേര് ഐസിസിക്ക് നല്‍കേണ്ടത്.
മൂന്നാഴ്ചമാത്രമുള്ള ലോകകപ്പിനുമുമ്പേ ബിസിസിഐയ്ക്ക് ഇനിയും താരങ്ങളെ പ്രഖ്യാപിക്കേണ്ടതുണ്ട്. വേണ്ടത്ര കായികക്ഷമത തെളിയിക്കാനും കളിക്കാര്‍ക്ക് ആവശ്യമമായ വിശ്രമമെടുക്കാനും ഇനി ഇടവേളയുമില്ല. ഐപിഎല്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.