മാഞ്ചസ്റ്റര്‍: ഒടുവില്‍ പോയിന്റ് പട്ടികയിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ 98 പോയന്റുകളുമായി ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം തട്ടിയെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവേ മത്സരത്തില്‍ ബ്രൈട്ടണെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായത്. 38 കളികളില്‍ നിന്നായാണ് സിറ്റി 98 പോയന്റുകള്‍ നേടിയത്. അതേസമയം, ലീഗില്‍ ഒരു തോല്‍വി മാത്രമുള്ള ലിവര്‍പൂളിന് 97 പോയന്റുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് ആരാധകര്‍ക്ക് നിരാശയായി.
അതേസമയം, 72 പോയന്റുകളുമായി ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. 71 പോയന്റുകളോടെ നേടി ടോട്ടനാം ഹോട്സ്പുര്‍ നാലാമതെത്തി. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
എന്നാല്‍, ഒരാഴ്ചയായി പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന ലിവര്‍പൂളിന് കിരീട പ്രതീക്ഷയേറെയായിരുന്നു. അവസാന മത്സരത്തില്‍ വോള്‍വ്സിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ക്കുകയും ചെയ്തു. രണ്ടു ഗോളുകളും സാദിയോ മാനേയാണ് നേടിയത്.
‘ഞങ്ങള്‍ സീസണില്‍ ഒരു കളിയില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഞങ്ങള്‍ എല്ലാം നല്കി. അടുത്ത സീസണില്‍ ചാമ്പ്യന്‍ പട്ടത്തിനായി പോരാടും’- കിരീട നഷ്ടത്തിനു ശേഷം, ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാ പ്രതികരിച്ചതിങ്ങനെ. നി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍.
22 ഗോളുകള്‍ നേടിയ മുഹമ്മദ് സലായും ആഴ്സനലിന്റെ പിയറി എമറിക് ഔബമെയംഗും ലിവര്‍പൂളിന്റെ തന്നെ സാദിയോ മാനെയും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം പങ്കിട്ടു. ലിവര്‍പൂളിന്റെ അലിസണ് ബെക്കറാണ് മികച്ച സേവുകളിലൂടെ ഗോള്‍ഡന്‍ ഗ്ലോവ് പുരസ്കാരം സ്വന്തമാക്കിയത്.
Discussion about this post