കുട്ടി ക്രിക്കറ്റില്‍ ഇന്ന് കലാശക്കൊട്ട്! നാലാം തവണ കിരീടമുയര്‍ത്തുക ചെന്നൈയോ മുംബൈയോ? കാത്തിരിപ്പില്‍ ആരാധകര്‍

യുവത്വത്തിന്റെ കരുത്തുമായി മുംബൈ ഇന്ത്യന്‍സിനെ നയിച്ച് രോഹിത് ശര്‍മ്മയും, പരിചയ സമ്പത്ത് കരുത്താക്കി വെറ്ററന്‍ താരങ്ങളെ അണി നിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സുമായി എംഎസ് ധോണിയും

ഹൈദരാബാദ്: മൂന്നു തവണ ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ രണ്ടു ടീമുകളുടെ ഏറ്റുമുട്ടല്‍, ഏറ്റവും കൂടുതല്‍ തവണ കിരീടം സ്വന്തമാക്കുന്ന ടീമെന്ന ഖ്യാതിക്കായുള്ള ഏറ്റുമുട്ടല്‍ ഇതൊക്കെയാണ് 12ാം സീസണ്‍ ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തെ വീറുറ്റതാക്കുന്നത്. യുവത്വത്തിന്റെ കരുത്തുമായി മുംബൈ ഇന്ത്യന്‍സിനെ നയിച്ച് രോഹിത് ശര്‍മ്മയും, പരിചയ സമ്പത്ത് കരുത്താക്കി വെറ്ററന്‍ താരങ്ങളെ അണി നിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സുമായി എംഎസ് ധോണിയും ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങും.

ഫൈനലിലെത്താന്‍ ഏറ്റവും അര്‍ഹതപ്പെട്ട രണ്ടു ടീമുകള്‍ തന്നെയാണ് അവസാന അങ്കത്തിനായി ഇറങ്ങുന്നത്. റൗണ്ട് ലീഗില്‍ ഒമ്പത് ജയവുമായി 18 പോയന്റോടെ ഒന്നും രണ്ടും സ്ഥാനത്തെത്തിയ മുംബൈയും ചെന്നൈയും എതിരാളിക്കൊത്തവര്‍ തന്നെ. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ കീഴടക്കിയായിരുന്നു മുംബൈയുടെ ഫൈനല്‍ പ്രവേശനം.

അതേസമയം, രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈയുടെ തകര്‍പ്പന്‍ ജയം ഫൈനലിലും തുടരാനാകുമെന്നാണ് പ്രതീക്ഷ. പരിചയസമ്പത്തും, യുവത്വവും ഫോമും ഇരു ടീമുകള്‍ക്കും കൂട്ടുണ്ട്. മൂന്ന് കിരീടമാണ് ഇരുവരുടെയും സമ്പാദ്യം. എന്നാല്‍, നാലു തവണ ഫൈനലില്‍ തോറ്റുമടങ്ങിയ ഒരു ചരിത്രം കൂടി മഞ്ഞപ്പടയ്ക്ക് ഒപ്പമുണ്ട്. ഈ സീസണില്‍ ഇതുവരെ മുംബൈയ്ക്ക് എതിരെ ചെന്നൈയ്ക്ക് ജയിക്കാനായിട്ടില്ല എന്നത് മാത്രമാണ് ആരാധകരുടെ നിരാശ. മൂന്നുതവണ മുംബൈയോട് ഏറ്റുമുട്ടിയപ്പോഴും ചെന്നൈക്ക് തോല്‍ക്കാനായിരുന്നു വിധി. ആദ്യം മുംബൈയില്‍ (37 റണ്‍സ് ജയം), രണ്ടാം പാദത്തില്‍ ചെന്നൈയില്‍ (46) റണ്‍സിന്. ഏറ്റവും ഒടുവില്‍ ചെന്നൈയിലും (ആറ് വിക്കറ്റ്) മുംബൈ ജയിക്കുകയായിരുന്നു.

വെറ്ററന്‍ പടയെന്ന പേരുദോഷം മാറ്റി തകര്‍പ്പന്‍ തന്ത്രങ്ങളാണ് ചെന്നൈ ഇത്തവണയും മെനഞ്ഞത്. ഇമ്രാന്‍ താഹിര്‍ വിക്കറ്റ് വേട്ടയിലും റണ്‍വേട്ടയില്‍ ധോണിയും ഡുപ്ലെസിസും സുരേഷ് റെയ്‌നയുമാണ് ചെന്നൈയുടെ കരുത്ത്. പേസ് കരുത്താണ് മുംബൈയുടെ വജ്രായുധം. ലസിത് മലിംഗ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മിന്നും ഫോമിലുണ്ട്. ബാറ്റിങ് രോഹിത് ശര്‍മയും ഡികോക്കും നയിക്കും.

Exit mobile version