കരുനാഗപ്പള്ളി: കേരളത്തിന് പന്തുകളിയോടുള്ള താല്‍പര്യം പുകള്‍പെറ്റതാണ്. ഏറെ ഫുട്‌ബോള്‍ ആരാധകരുള്ള കേരളത്തില്‍ നിന്നും ആരാധകര്‍ക്ക് ആവേശമായി കുലശേഖരപുരത്തെ ആഷിക് അഷ്‌റഫ് ഇനി റയല്‍ മാഡ്രിഡില്‍ പന്തുതട്ടും. ഫുട്‌ബോള്‍ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ റയല്‍മാഡ്രിഡ് കഴിഞ്ഞ അവധിക്കാലത്ത് കോയമ്പത്തൂരില്‍ നടത്തിയ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തതാണ് ആഷികിന്റെ തലവര മാറ്റിയെഴുതിയത്. ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെ ആഷിക് ഏഴിന് സ്‌പെയിനിലേക്ക് പറക്കും. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഈ പതിനേഴുകാരന്‍ അതോടെ റയല്‍ മാഡ്രിഡിന്റെ ഭാഗമാകും. നാട്ടിന്‍പുറത്തെ മൈതാനത്ത് പന്തുരുട്ടി തുടങ്ങിയ സ്വപ്നങ്ങളാണ് ഇപ്പോള്‍ പൂവണിയുന്നത്.
കുലശേഖരപുരം, കടത്തൂര്‍ വയലില്‍ വീട്ടില്‍ അഷ്‌റഫിന്റെയും ഷെര്‍ളിയുടെയും മകനാണ് ആഷിക്. പഠനത്തോടൊപ്പം പന്തുകളിയും ഭ്രാന്തമായ ആവേശമായി കൊണ്ടുനടന്ന ആഷികിന് മാതാപിതാക്കളും മികച്ച പിന്തുണയാണ് നല്‍കിയിരുന്നത്. കൊട്ടാരക്കര എംജിഎം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആഷിക് ഉള്‍പ്പെട്ട ടീം സംസ്ഥാനതലത്തില്‍ നടന്ന നിരവധി മത്സരങ്ങളില്‍ വിജയം കൈവരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ കോയമ്പത്തൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായില്ലെന്ന് ആഷിക് പറഞ്ഞു. പിന്നീട് പ്രളയം നാടിനെ കീഴടക്കിയതോടെ സെലക്ഷന്‍ ക്യാമ്പിന്റെ റിസള്‍ട്ട് ഒരു വര്‍ഷത്തോളം നീണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ആണ് അധികൃതരില്‍ നിന്നും വിവരം അറിയുന്നത്. ആഷികിനൊപ്പം കൊട്ടാരക്കര കലയപുരം സ്വദേശി അലനും സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ഹിസാന, ഹസ്മി എന്നിവരാണ് ആഷിഖിന്റെ സഹോദരങ്ങള്‍.
Discussion about this post