പരിശീലനത്തിനിടെ ഹൃദയാഘാതം; സ്‌പെയിനിന്റെ ഇതിഹാസ താരം ഐകര്‍ കസീയസ് ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

പരിശീനത്തിനിടെ കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

മാഡ്രിഡ്: സ്‌പെയിന്‍ ഫുട്‌ബോളിന്റെ എക്കാലത്തേയും ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശീലനത്തിനിടെ കസീയസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ കസീയസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം അപകടനില തരണം ചെയ്തതിട്ടുണ്ട്. ചികിത്സയ്ക്കിടെ എല്ലാം നിയന്ത്രണവിധേയമാണെന്ന് താരം ട്വീറ്റ് ചെയ്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസവുമായി. ചിത്രത്തോടെയാണ് താരത്തിന്റെ ട്വീറ്റ്.

റയല്‍ മാഡ്രിഡ് വിട്ടശേഷം 2015 മുതല്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്‌സി പോര്‍ട്ടോക്കു വേണ്ടിയാണ് 37കാരനായ കസീയസ് കളിക്കുന്നത്. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. 167 മത്സരങ്ങളിലാണ് കസീയസ് സ്പെയിനിന് വേണ്ടി ഗോള്‍വല കാത്തത്. മെസി ഉള്‍പ്പടെയുള്ള താരങ്ങള്‍ കസീയസിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തി.

Exit mobile version