ഹൈദരാബാദ്: ഐപിഎല്‍ 12-ാം സീസണിലെ വിടവാങ്ങല്‍ അതിഗംഭീരമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ പ്രേമികള്‍ക്ക് ബാറ്റിംഗ് വിരുന്ന് സമ്മാനിച്ചാണ് മടങ്ങുന്നത്.
സീസണിലെ തന്റെ അവസാന ഇന്നിംഗ്സില്‍ കിംഗ്സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്ത്, ക്ലാസ് ബാറ്റിംഗുമായി വാര്‍ണര്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടിവാങ്ങി.
56 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്സ്. എക്കാലത്തെയും മികച്ച ഐപിഎല്‍ താരം(GOAT) എന്ന വിശേഷണത്തോടെയാണ് വാര്‍ണറെ പലരും പ്രശംസിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് GOAT വിശേഷണവുമായി എത്തിയവരില്‍ ഒരാള്‍.
സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍. 12 ഇന്നിംഗ്സുകളില്‍ നിന്ന് 692 റണ്‍സ്. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ആന്ദ്രേ റസലിന് 486 റണ്‍സാണുള്ളത്. അതായത് ബഹുദൂരം മുന്നിലാണ് വാര്‍ണര്‍.
വാര്‍ണറുടെ മികച്ച പ്രകടനത്തിനു മികവില്‍ 212 റണ്‍സ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രവിചന്ദ്രന്‍ അശ്വിന്‍ മനീഷ് പാണ്ടേയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കിയ പ്രകടനത്തില്‍ മത്സരത്തിലേക്ക് പഞ്ചാബ് തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും മുഹമ്മദ് നബിയും കെയിന്‍ വില്യംസണും മറ്റു ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ 200 കടത്തുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ സാഹയും വാര്‍ണറും ചേര്‍ന്ന് 6.2 ഓവറില്‍ 78 റണ്‍സാണ് നേടിയത്. 13 പന്തില്‍ 28 റണ്‍സ് നേടിയ സാഹയെ മുരുഗന്‍ അശ്വിനാണ് പുറത്താക്കിയത്. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി 82 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. 36 റണ്‍സ് നേടിയ മനീഷ് പാണ്ടേയെ പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന് അതേ ഓവറിന്റെ അവസാന പന്തില്‍ വാര്‍ണറെയും പുറത്താക്കി. 56 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ 81 റണ്‍സ് നേടിയത്.
34 റണ്‍സാണ് നാലാം വിക്കറ്റില്‍ നബി-വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്. വില്യംസണ്‍ 7 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 10 പന്തില്‍ 20 റണ്‍സ് നേടി. ഇരുവരെയും മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടുവാന്‍ 36 റണ്‍സ് നല്‍കിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ 30 റണ്‍സിനു 2 വിക്കറ്റ് നേടി. മുരുഗന്‍ അശ്വിന്‍ 32 റണ്‍സിനു 1 വിക്കറ്റഅ നേടി. 4 ഓവറില്‍ 66 റണ്‍സ് ആണ് മുജീബ് ഉര്‍ റഹ്മാന്‍ വഴങ്ങിയത്.
Discussion about this post