കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്നതിനിടെ വമ്പന്മാര്ക്ക് കാലിടറിയിട്ടും പോരാടി യുദ്ധക്കളത്തില്‍ വീണുപോയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് സോഷ്യല്‍മീഡിയയിലെ പുതിയ താരം. ഹാര്‍ദ്ദിക്കിന് കൈയ്യടിയുടെ പൂരമാണ്. 34 പന്തില്‍ നിന്നാണ് 91 റണ്‍സെടുത്ത് ഹാര്‍ദ്ദിക് അവിശ്വസനീയമായ ഇന്നിങ്സ് കാഴ്ചവെച്ചത്. തോല്‍വി ഏതാണ്ട് ഉറപ്പിച്ചിട്ടും പാണ്ഡ്യ കാണിച്ച പോരാട്ട വീര്യം കൊല്‍ക്കത്ത ഫാന്‍സിന്റെ പോലും ഹൃദയം കീഴടക്കി.
മുംബൈയെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും ഐപിഎല്‍ 12ാം സീസണിലെ മികച്ച ഇന്നിങ്സികുളില് ഒന്നുതന്നെയായിരുന്നു ഇത്. അതേസമയം, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കുറച്ചുകൂടി അകന്നിരിക്കുകയാണ്. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കൊടുവിലാണ് വമ്പന്മാരായ മുംബൈയെ കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഈ വിജയത്തോടെ ഐപിഎല്ലിലെ 100ാം വിജയമെന്ന നാഴികക്കല്ലും കൊല്‍ക്കത്ത സ്വന്തമാക്കി.
ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന് രോഹിത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് കൊല്‍ക്കത്ത കൂറ്റന്‍ സ്കോറിലേക്ക് അടിച്ചു കയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 232 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 198 റണ്‍സ് മാത്രമാണ് എടുക്കാനായത്.
മുംബൈ ആദ്യ പത്തോവറിനുള്ളില്‍ തന്നെ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് കൊല്‍ക്കത്തയെ ഒന്നു വിരട്ടി. 34 പന്തില്‍ 91 റണ്‍സടിച്ച ഹാര്‍ദ്ദിക്ക് ഒമ്പത് സിക്സറും ആറ് ബൗണ്ടറിയും അടിച്ചെടുത്തു. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ സീസണിലെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ ഗുര്‍ണെ ഹാര്‍ദ്ദികിനെ റസലിന്റെ കൈകകളിലെത്തിച്ചപ്പോഴാണ് കൊല്‍ക്കത്തക്ക് ശ്വാസം നേരെ വീണത്.
രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(0) നഷ്ടമായ മുംബൈക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(12), എവിന്‍ ലൂയിസ്(15), സൂര്യകുമാര്‍ യാദവ്(26) എന്നിവരും അതിവേഗം മടങ്ങിയതോടെ ഒമ്പതാം ഓവറില്‍ 58/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ മുംബൈ അധികം വൈകാതെ തോല്‍വി മുന്നില്‍ കണ്ടു. എ ന്നാല്, ഹാര്‍ദ്ദിക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മത്സരം ആവേശകരമാക്കി. പൊള്ളാര്‍ഡിനും(20 പന്തില്‍ 20), ക്രുനാല്‍ പാണ്ഡ്യക്കും(18 പന്തില്‍ 24) സ്കോര്‍ ഉയര്‍ത്താനായില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും ക്രിസ് ലിന്നിന്റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. റസല്‍ 40 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ 45 പന്തില്‍ 76 റണ്‍സെടുത്ത് പുറത്തായി. 29 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ ക്രിസ് ലിന്നാണ് കൊല്‍ക്കത്തക്കായി തിളങ്ങിയ മറ്റൊരു താരം. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലും ലിന്നും ചേര്‍ന്ന് 9.3 ഓവറില്‍ 96 റണ്‍സ് അടിച്ചെടുത്തു.
Discussion about this post