ബംഗളൂരു: തുടര്‍തോല്‍വികളുടെ നാണക്കേടിന് പിന്നാലെ ഐപിഎല്‍ 12ാം സീസണില്‍ ജയവും പതിവാക്കി തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട് ടീം. കിങ്സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായിട്ടുണ്ട് ബാംഗ്ലൂരിന്. 11 മത്സരങ്ങളില്‍ 10 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ 17 റണ്‍സിന് കിങ്‌സ് ഇവനെ പരാജയപ്പെടുത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
ഡിവില്ലിയേഴ്സ് (44 പന്തില്‍ പുറത്താവാതെ 82) മാര്‍കസ് സ്റ്റോയിനിസ് (34 പന്തില്‍ പുറത്താവാതെ 46) എന്നിവരാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. സ്റ്റോയിനിസ് മൂന്ന് സിക്സും രണ്ട് ഫോറും നേടി. പാര്‍ത്ഥിവ് പട്ടേലും 24 പന്തില്‍ 43 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. വിരാട് കോഹ്‌ലിയെ (എട്ട് പന്തില്‍ 13) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. മൊയീന്‍ അലി (5 പന്തില്‍ 4), അക്ഷ്ദീപ് നാഥ് (7 പന്തില്‍ 3) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ സ്റ്റോയിനിസിന്റെ ഇന്നിങ്സ് ബാംഗ്ലൂരിനെ 200 കടത്തുകയായിരുന്നു. ഷമി, മുരുകന്‍ അശ്വിന്‍, ആര്‍ അശ്വിന്‍, ഹര്‍ഡസ് വില്‍ജോന്‍ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റ് വീഴ്ത്തിയത്.
പഞ്ചാബിന് വേണ്ടി നിക്കോളാസ് പുരാന്‍ (28 പന്തില്‍ 46), കെഎല്‍ രാഹുല്‍ (27 പന്തില്‍ 42), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 35) എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ക്രിസ് ഗെയ്ല്‍ (23), ഡേവിഡ് മില്ലര്‍ (24), ആര്‍ അശ്വിന്‍ (6), ഹര്‍ഡസ് വില്‍ജോന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ബാംഗ്ലൂരിനായി ഉമേഷ് യാദവ് മൂന്നും നവ്ദീപ് സൈനി രണ്ട് വിക്കറ്റും വീഴ്ത്തി.