കൊല്‍ക്കത്ത: ബാറ്റിങ് പൂര്‍ണ്ണ പരാജയമാണെന്ന പരാതിക്ക് സെഞ്ചുറി തിളക്കത്തില്‍ മറുപടി നല്കി വിരാട് കോഹ്ലി. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചുകൂട്ടി കാണികള്‍ക്ക് വെടിക്കെട്ട് വിരുന്നൊരുക്കിയിരിക്കുകയാണ് കോഹ്ലിയും കൂട്ടരും.
58 പന്തുകളില്‍ നിന്നും ഒമ്പത് ഫോറും നാല് സിക്സും സഹിതം 100 റണ്‍സുമായി കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കുറച്ചൊന്നുമല്ല വിയര്‍ത്തത്. സെഞ്ചുറി പൂര്‍ത്തിയാക്കിയ കോഹ്ലിയുടെ മാസ്മരിക ഇന്നിങ്സിനാണ് ഈഡന് ഗാര്‍ഡനില്‍ കാണികള്‍ സാക്ഷിയായത്.
ഇരുപതാം ഓവറില്‍ ഗുര്ണെയുടെ പന്തിനെ ലെഗ് സൈഡിലേക്ക് പറഞ്ഞയച്ച് ബൗണ്ടറി നേടിയപ്പോള്‍ വിരാട് കോഹ്ലി എന്ന പേരിനോട് ചേര്‍ന്ന് മൂന്നക്ക സ്കോര്‍ വീണ്ടും തെളിഞ്ഞു. അവസാന ഓവറുകളില്‍ പ്രസീദ് കൃഷ്ണയേയും ഹാരി ഗേണിയേയും കോലി കണക്കിന് ശിക്ഷിച്ചു.
19-ാം ഓവറില്‍ പ്രസീദ് കൃഷ്ണ വഴങ്ങിയത് 19 റണ്‍സാണ്. അവസാന ഓവറില്‍ ഗേണിക്ക് കുരുങ്ങിയത് 16 റണ്‍സ്. ഇന്നിങ്സിലെ അവസാന പന്തില്‍ കോലിയെ ഗേണി പുറത്താക്കുകയും ചെയ്തു. അപ്പോഴേക്കും ആര്‍സിബി ക്യാപ്റ്റന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.
18 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ആര്‍സിബിക്ക് ഓപ്പണര്‍ പാര്‍ത്ഥിവ് പട്ടേലിനെ നഷ്ടമായി. 11 പന്തില്‍ 11 റണ്‍സായിരുന്നു പാര്‍ത്ഥിവിന്റെ സമ്പാദ്യം. ആകാശ്ദീപ് നാഥ് 13 റണ്‍സിന് പുറത്തായപ്പോള്‍ മോയിന്‍ അലി 66 റണ്‍സുമായി കോലിക്ക് പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ കോലിയും മോയിന്‍ അലിയും 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും സഹിതം 66 റണ്‍സാണ് മോയിന്‍ അലി അടിച്ചെടുത്തത്.
പിന്നീട് ക്രീസിലെത്തിയ സ്റ്റോയിന്‍സിനെ കൂട്ടുപിടിച്ചായി കോലിയുടെ തേരോട്ടം. നാലാം വിക്കറ്റില്‍ പുറത്താകാതെ ഇരുവരും 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിലേക്ക് എട്ടു പന്തില്‍ 17 റണ്‍സായിരുന്നു സ്റ്റോയിന്സിന്റെ സംഭാവന. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്, ഗേണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post