ഹൈദരാബാദ്: ഐപിഎല്ലില്‍ ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കിയെങ്കിലും മദ്ധ്യനിര വീണതോടെയാണ് കാലിടറിയത്. ഷേന്വാട്ട്സണും (31), ഫാഫ് ഡുപ്ളെസിയും (46) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. 9.5 ഓവറില്‍ 79 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
29 പന്തുകളില്‍ നാല് ബൗണ്ടറികള്‍ പറത്തിയ വാട്ട്സന്റെ സ്റ്റംപ് തെറുപ്പിച്ച് ഷഹ്ബാസ് നദീമാണ് ആദ്യ പ്രഹരം നല്‍കിയത്. മൂന്ന് പന്തുകള്‍ക്കുശേഷം ഡുപ്ളെസയും കൂടാരം കയറി. 31 പന്തുകളില്‍ മൂന്നുവീതം ഫോറും സിക്സും പറത്തിയ ഡുപ്ളെസിയെ വിജയ് ശങ്കര്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍ സ്റ്റോയുടെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ ചെന്നൈ 81/2 എന്ന നിലയിലായി.
തുടര്‍ന്ന് സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കാനുള്ള ചെന്നൈയുടെ നീക്കങ്ങള്‍ ഫലം കണ്ടില്ല. വിക്കറ്റുകള്‍ വേഗം നഷ്ടമാവുകയും ചെയ്തു. ഫസ്റ്റ് ഡൗണായിറങ്ങിയ താത്കാലിക നായകന് സുരേഷ് റെയ്ന (13), കേദാര്‍ യാദവ് (1), സാം ബില്ലിംഗ്സ് (0) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.
14-ാം ഓവറില്‍ റെയ്നയെയും കേദാറിനെയും മടക്കി അയച്ച അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാനാണ്
മഞ്ഞക്കുപ്പായക്കാരുടെ മുന്നേറ്റം തടഞ്ഞത്. റെയ്നയും കേദാറും റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. അടുത്ത ഓവറില്‍ സാം ബില്ലിംഗ്സിനെ ഖലീല്‍ അഹമ്മദ് വിജയ് ശങ്കറിന്റെ കയ്യിലെത്തിക്കുകയായിരുന്നു. പന്തുകള്‍ പാഴാക്കിയ ജഡേജയ്ക്കൊപ്പം (20 പന്തുകളില്‍ 10 റണ്‍സ് ) പിടിച്ചുനിന്ന അമ്ബാട്ടി റായ്ഡുവാണ് (25)132ലെത്തിച്ചത്.
Discussion about this post