കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.
പതിവുപോലെ ആന്ദ്രെ റസ്സലിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്നും കൊല്‍ക്കത്തയ്ക്ക് തുണയായി. 21 പന്തില്‍ 45 റണ്‍സുമായി റസ്സല്‍ തിളങ്ങി. മൂന്നു ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെട്ടതായിരുന്നു റസ്സലിന്റെ ഇന്നിങ്സ്. മികച്ച ഷോട്ടുകളുമായി മുന്നേറിയ റസ്സലിനെ മോറിസ് പുറത്താക്കി. 39 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 65 റണ്‍സുമായി ഓപ്പണര്‍ ശുബ്മന് ഗില്‍ അര്‍ധസെഞ്ചുറി നേടി.
മല്‍സരത്തിലെ ആദ്യ പന്തില്‍ തന്നെ ജോ ഡെന്ലിലെ ക്ലീന്‍ ബൗള്‍ഡാക്കി ഇഷാന്ത് ശര്‍മ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. എന്നാല്‍ അത് മുതലാക്കാന്‍ പിന്നീട് സാധിച്ചില്ല. രണ്ടാം വിക്കറ്റില്‍ ഉത്തപ്പയും ഗില്ലും ചേര്‍ന്ന് 63 റണ്‍സ് നേടി. 30 പന്തില്‍ 28 റണ്‍സ് നേടിയ റോബിന് ഉത്തപ്പയെ റബാദ പുറത്താക്കി. അധികം വൈകാതെ 11 റണ്‍സ് നേടിയ റാണയെ മോറിസ് പുറത്താക്കി. ഗില്ലിനെയും ബരാത്ത് വൈറ്റിനെയും (6) കീമോ പോളും മടക്കി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെ രണ്ടു റണ്‍സിന് റബാദ വീഴ്ത്തി. ഡല്‍ഹിക്കായി റബാദ, ക്രിസ് മോറിസ്, കീമോ പോള്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് സ്വന്തമാക്കി.
മുന്‍പ് ഡല്‍ഹിയുടെ തട്ടകത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേരെത്തിയ മല്‍സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടിരുന്നു. അന്ന് വിജയം ഡല്‍ഹിക്കൊപ്പമായിരുന്നു. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിജയം നേടിയാണ് ഡല്‍ഹിയുടെ വരവ്. മറുവശത്ത്, തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കുശേഷം കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടു തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് കൊല്‍ക്കത്ത.
Discussion about this post