ലോകകപ്പിലെങ്കിലും ഇന്ത്യ വിജയിച്ചോട്ടെ; കോഹ്‌ലി നായകസ്ഥാനം രാജിവെച്ച് രോഹിത്തിന് വഴിമാറണം; ആക്രോശിച്ച് സോഷ്യല്‍മീഡിയ

രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി മോശമല്ലാത്ത രീതിയില്‍ നായകസ്ഥാനം വഹിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ഒരു കൂട്ടരുടെ ബഹളം വെയ്ക്കല്‍.

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും പരാജയപ്പെട്ടതോടെ കലിപ്പടിച്ച് സോഷ്യല്‍മീഡിയ. ഇന്ത്യന്‍ ടീമിന്റെ നായകന്‍ കൂടിയായ വിരാട് കോഹ്‌ലിക്കെതിരെയാണ് സോഷ്യല്‍മീഡിയ ആക്രമണം മുഴുവന്‍. ഇന്ത്യന്‍ ടീമിന്റെയും ബംഗളൂരുവിന്റെയും നായകസ്ഥാനത്തു നിന്നും കോഹ്‌ലിയെ മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.

നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ പരാജയം ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഇപ്പോള്‍ തന്നെ നായകനെ നീക്കി ലോകകപ്പിന് ഇന്ത്യയ്ക്ക് മറ്റൊരു നായകനെ കണ്ടെത്തണമെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. ഇത്തവണ ലോകകപ്പ് ലഭിക്കണമെങ്കില്‍ ഇതേയുള്ളൂ വഴിയെന്നാണ് ട്വിറ്ററിലൂടെയുള്ള ആരാധകരുടെ മുറവിളി.

ഇന്ത്യയുടെ ഇടക്കാല നായകന്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി മോശമല്ലാത്ത രീതിയില്‍ നായകസ്ഥാനം വഹിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ഒരു കൂട്ടരുടെ ബഹളം വെയ്ക്കല്‍. രോഹിതിനെ ഇന്ത്യന്‍ ടീമിന്റെയും നായകനാക്കണമെന്ന വാദം ശക്തമാണ്. രോഹിതിന് കീഴില്‍ മുംബൈയ്ക്ക് ഐപിഎല്ലില്‍ അഞ്ചില്‍ മൂന്ന് മത്സരങ്ങളും വിജയിക്കാനായി. ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിന് ശേഷം കോഹ്‌ലിക്ക് കീഴിലും ഇന്ത്യ വിദേശത്തടക്കം തകര്‍പ്പന്‍ പ്രകടനമായിരുന്നു.

അതേസമയം, കോഹ്‌ലിയെ പിന്തുണച്ച് ആകാശ് ചോപ്ര ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കോഹ്‌ലി മോശം നായകനാണെങ്കില്‍ ഇന്ത്യന്‍ ടീം എങ്ങനെയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നാണ് ചോപ്രയുടെ ചോദ്യം.

Exit mobile version