വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യ;104 റണ്‍സിന് എറിഞ്ഞിട്ടു! ജഡേജയ്ക്ക് നാല് വിക്കറ്റ്

തിരുവനന്തപുരം: കേരളത്തിലേക്ക് ഏറെ നാളിനു ശേഷമെത്തിയ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യയുടെ ബോളര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തുകയായിരുന്നു.

രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംമ്രയും കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഖലീല്‍ അഹമ്മദും രണ്ടുവീതം വിക്കറ്റുകളും ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കിറാന്‍ പവല്‍ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തില്‍ പൂജ്യം),മാര്‍ലണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോന്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്) റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിയന്‍ അലന്‍ (11 പന്തില്‍ നാല്), ജേസണ്‍ ഹോള്‍ഡര്‍ (33 പന്തില്‍ 25), കീമോ പോള്‍ (18 പന്തില്‍ അഞ്ച്), കെമാര്‍ റോച്ച് (15 പന്തില്‍ അഞ്ച്), ഒഷെയ്ന്‍ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിന്‍ഡീസ് താരങ്ങളുടെ സ്‌കോറുകള്‍. ദേവേന്ദ്ര ബിഷൂ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍തന്നെ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിന്‍ഡീസ് താരം കിറാന്‍ പവല്‍ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ടാം ഓവറില്‍ ഷായ് ഹോപും പുറത്ത്.

റണ്‍സൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലണ്‍ സാമുവല്‍സിന്റെ ഷോട്ട് കോഹ്‌ലി പിടിച്ചെടുത്തു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിനുമുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. അഞ്ച് റണ്‍സ് മാത്രമെടുത്ത് കീമോ പോള്‍ പുറത്തായി. റോച്ചിനെയും ഒഷെയ്ന്‍ തോമസിനെയും പുറത്താക്കി ജഡേജ നാലു വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(6) നഷ്ടപ്പെടുത്തി.

Exit mobile version