ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടാനായത്. ജയിക്കാന്‍ ഇരുപത് ഓവറില്‍ 130 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദ് ഒന്‍പത് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. റബാഡ എറിഞ്ഞ അവസാന പന്ത് സിക്സര്‍ പറത്തി മുഹമ്മദ് നബിയാണ് മത്സരം ഫിനിഷ് ചെയ്തത്.
ഇതോടെ നാലു കളികളില്‍ നിന്ന് ആറു പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കിങ്സ് ഇലവനും ചെന്നൈ സൂപ്പര്‍ കിങ്സിനും ആറു പോയിന്റ് വീതമുണ്ടെങ്കിലും മെച്ചപ്പെട്ട ശരാശരിയാണ് ഹൈദരാബാദിന് തുണയായത്. അഞ്ചു കളികളില്‍ നിന്ന് നാലു പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്. അവരുടെ രണ്ടാം തോല്‍വിയാണിത്.
28 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ബെയര്‍സ്റ്റോയാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്. വാര്‍ണറും പാണ്ഡെയും ഹൂഡയും പത്ത് റണ്‍സ് വീതമെടുത്തു. വിജയ്ശങ്കര്‍ പതിനാറ് റണ്‍സെടുത്തു.
ബൈര്‍സ്റ്റോ പുറത്തായ ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ റണ്‍ വിട്ട് നല്‍കാതെയും വിക്കറ്റ് വീഴ്ത്തിയും സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ ജയം സ്വന്തമാക്കുവാന്‍ സണ്‍റൈസേഴ്സിനു അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മനീഷ് പാണ്ഡേയും, വിജയ് ശങ്കറും, ദീപക് ഹൂഡയുമെല്ലാം അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്.
അവസാന നാലോവറില്‍ 19 റണ്‍സായിരുന്നു സണ്‍റൈസേഴ്സിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. കാഗിസോ റബാഡ എറിഞ്ഞ 17ാം ഓവറില്‍ സിംഗിളുകള്‍ നേടി മുഹമ്മദ് നബിയും യൂസഫ് പത്താനും റിസ്ക് എടുക്കാതെ ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. ഓവറില്‍ നിന്ന് വെറും മൂന്ന് റണ്‍സാണ് താരം വിട്ട് നല്‍കിയത്.
റബാഡ എറിഞ്ഞ 19ാം ഓവറില്‍ ഒരു ബൗണ്ടറിയും സിക്സും നേടി മുഹമ്മദ് നബി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു. മുഹമ്മദ് നബി 9 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയപ്പോള്‍ യൂസഫ് പത്താന് 9 റണ്‍സും നേടി നിര്‍ണ്ണായകമായ 20 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്.
Discussion about this post