ന്യൂഡല്‍ഹി: അണ്ടര്‍ 19 ക്രിക്കറ്റ് ടീം കഴിഞ്ഞദിവസം ഏഷ്യന്‍ ചാമ്പ്യന്മാരുടെ കപ്പുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മുതല്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷത്തിലാണ്. ഇന്ത്യയുടെ കുട്ടി ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ അത് യശസ്വി ജയ്സ്വാളെന്ന താരത്തിന്റെ ഉദയത്തിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു. ഫൈനലിലെ ഇന്ത്യന്‍ ടോപ് സ്‌കോറര്‍ മാത്രമല്ല യശസ്വി മറിച്ച് ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഫൈനലില്‍ 85 റണ്‍സ് നേടി ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ച യശസ്വി ജയ്സ്വാള്‍ ടൂര്‍ണ്ണമെന്റില്‍ 318 റണ്‍സായിരുന്നു നേടിയത്. അതും 79.50 എന്ന ആവറേജില്‍. അണ്ടര്‍ 19 ടീമിലേക്കുള്ള യശസ്വിയുടെ യാത്ര അത്ര സുഗമമായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളോട് കൂടി മത്സരിച്ചായിരുന്നു താരം ഇന്ത്യന്‍ ജഴ്സി സ്വന്തമാക്കിയത്.
‘എല്ലായ്പോഴും ക്രിക്കറ്റ് കളിക്കണമെന്നത് മാത്രമായിരുന്നു അവന്റെ ആഗ്രഹം. കളിയോടുള്ള ഇഷ്ടം കാരണം പത്താം വയസില്‍ അവന്‍ മുംബൈയിലെ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.’ യശസ്വിയുടെ അമ്മ കാഞ്ചന്‍ ജയ്സ്വാള്‍ പറയുന്നു. അച്ഛന്‍ ഭൂപേന്ദ്ര ജയ്സ്വാള്‍ ഗ്രാമത്തില്‍ ചെറിയൊരു ഹാര്‍ഡ്വേര്‍ ഷോപ്പ് നടത്തുകയാണ്. ഗ്രാമത്തില്‍ നിന്നുകൊണ്ട് ക്രിക്കറ്റ് സ്വപ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് പത്തുവയസുകാരനെ അമ്മാവന്റെ വീട്ടിലേക്ക് മാറി താമസിക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ മുംബൈയിലെ ദാദറില്‍ നിന്നും ആസാദ് മൈതാനത്തേക്ക് ദിവസവും ഉള്ള യാത്ര ദുഷ്‌കരമായതോടെ ക്രിക്കറ്റില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ അവനു കഴിയാതെയായി. അതുകൊണ്ട് തന്നെ കല്‍ബാദേവിയിലുള്ള ഡയറിയിലേക്ക് താമസം മാറാന്‍ താരം തീരുമാനിക്കുകയായിരുന്നു.
ഡയറിയില്‍ താമസിപ്പിക്കുന്നതിന് പ്രതിഫലമായി ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുക്കാമെന്ന വാക്കോടെയായിരുന്നു യശസ്വിയുടെ ഫാമിലെ ജീവിതം. എന്നാല്‍ മുഴുവന്‍ സമയം ക്രിക്കറ്റില്‍ ശ്രദ്ധചെലുത്തിയപ്പോള്‍ കുട്ടിക്ക് താന്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെയായി. ഒരുദിവസം താമസസ്ഥലത്ത് തിരിച്ചെത്തിയ താരത്തിനു തന്റെ സാധനങ്ങള്‍ റൂമിനു പുറത്ത് കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
പുതിയ ഇടം തേടാന്‍ ഇറങ്ങിയ യശസ്വിയ്ക്ക് മുന്നില്‍ മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ സഹായവുമായി എത്തുകയായിരുന്നു. ആസാദ് മൈതാനത്തിനു സമീപത്ത് തന്നെ ഒരു ടെന്റായിരുന്നു കുട്ടിക്രിക്കറ്ററുടെ താമസത്തിനായ് ഇമ്രാന്‍ കണ്ടെത്തിയ പോംവഴി. അതോടെ തകര്‍ന്നു പോകുമെന്ന് കരുതിയ സ്വപ്നം യശസ്വി വീണ്ടും കാണാന്‍ തുടങ്ങി.
ടെന്റിലെ ജീവിതം അറിഞ്ഞ മാതാപിതാക്കള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രൗണ്ടില്‍ തന്നെ താമസിക്കുമ്പോള്‍ എല്ലാം വളരെ എളുപ്പമാണ്, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് കാണാന്‍ കഴിയുമെന്നായിരുന്നു യശസ്വിയുടെ മറുപടി. ടെന്റിലെ ജീവിതത്തെക്കുറിച്ച് അവനെന്നോട് അങ്ങിനെയാണ് പറഞ്ഞത്.’ അമ്മ കൂട്ടിച്ചേര്‍ത്തു.
ജ്വാല സിങ്ങെന്ന പരിശീലകനൊപ്പം ചേര്‍ന്നതിനുശേഷമായിരുന്നു താരത്തിന്റെ കരിയറില്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. ‘മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന യശസ്വി തന്നെ ഏറെ ആകര്‍ഷിച്ചിരുന്നെന്നാണ് പരിശീലകന്‍ പറയുന്നത്.
‘എനിക്കവനെ സഹായിക്കണമായിരുന്നു. കാരണം അവന്റെ ജീവിതം എന്റേതിനു തുല്ല്യമായിരുന്നു. ഞാന്‍ യുപിയില്‍ നിന്ന് മുംബൈയിലെത്തിയത് ക്രിക്കറ്റ് കളിക്കാനായിരുന്നു. അതുകൊണ്ട് എനിക്കറിയാം എന്തെല്ലാം പ്രതിസന്ധികളെയാണ് അവന്‍ നേരിട്ടതെന്ന്. അവന്‍ ടെന്റിലാണ് കഴിഞ്ഞത്, തോട്ടക്കാരുടെയും പണിക്കാരുടെയും ഒപ്പം. അവന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഞാന്‍ കൂടെ കൂട്ടുകയായിരുന്നു’ ജ്വാല സിങ്ങ് പറയുന്നു.
പിന്നീടങ്ങോട്ട് ജ്വാല സിങ്ങിന്റെ ശിക്ഷണത്തില്‍ പുതിയൊരു താരം ഉദിക്കുകയായിരുന്നു. ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ കളിച്ച യശസ്വി ലോക റെക്കോര്‍ഡ് നേടിയ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. പുറത്താകാതെ 319 നേടുകയും ബൗളിങ്ങില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത യശ്സ്വിയുടെ പേരിലാണ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ ഉയര്‍ന്ന റണ്‍സിന്റെയും വിക്കറ്റിന്റെയും റെക്കോര്‍ഡ്.
52 സെഞ്ച്വറികളും 200 ല്‍ അധികം വിക്കറ്റുകളും യശസ്വി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അണ്ടര്‍ 19 ല്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരം സീനിയര്‍ ടീമിന്റെ ജഴ്സിയണിയുന്ന കാലം വിദൂരമായിരിക്കില്ല.