മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയ 378 റണ്‍സിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് 36.2 ഓവറില്‍ 153 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും വലിച്ചെറിഞ്ഞ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഇന്ത്യയുടെ ഖലീല്‍ അഹമ്മദിന്റെ മികച്ച സ്‌പെല്ലിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ നടുവൊടിക്കാന്‍ ഇന്ത്യയ്ക്കായത്. 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റാണ് നേടിയത്. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുമായി ഖലീലിനു മികച്ച പിന്തുണ നല്‍കി. 162 റണ്‍സിനൊപ്പം ഒട്ടേറെ റെക്കോര്‍ഡുകളും സ്വന്തമാക്കിയ രോഹിത് ശര്‍മ്മ(162)യാണ് മാന്‍ ഓഫ് ദ മാച്ച്. അമ്പാട്ടി റായ്ഡു(100)വിന്റെ തകര്‍പ്പന്‍ ഫോമും ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.
വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. 54 റണ്‍സുമായി ഹോള്‍ഡര്‍ പുറത്താകാതെ നിന്നു. മറ്റാര്‍ക്കും തന്നെ 20നു മുകളില്‍ സ്‌കോര്‍ കണ്ടെത്താനാകാതെ പോയതും ടീമിനു തിരിച്ചടിയായി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1നു ഇന്ത്യ മുന്നിലെത്തിയെങ്കിലും തിരുവനന്തപുരം ഏകദിനത്തില്‍ വിജയം നേടാനായാല്‍ വിന്‍ഡീസിനു പരമ്പരയില്‍ ഒപ്പമെത്താനാകും. അതിനവസരം കൊടുക്കാതെ സ്വന്തം മണ്ണില്‍ പരമ്പര സ്വന്തമാക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.