വിശാഖപട്ടണം: കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് 2 മിനിറ്റ് മൗനം ആചരിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരവേദി. ഇതിനിടെ, മൗനം ആചരിക്കവെ ശബ്ദമുണ്ടാക്കിയ വിശാഖപട്ടണത്തെ കാണികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രവര്‍ത്തി ശ്രദ്ധേയമായി. മത്സരം ആരംഭിക്കും മുമ്പ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കായി ഇരുടീമിലെ താരങ്ങളും അമ്പയര്‍മാരും രണ്ടു മിനിറ്റ് മൗനമാചരിച്ചിരുന്നു.
ഇരു രാജ്യങ്ങളുടെയും ദേശീയഗാനത്തിനു ശേഷമായിരുന്നു മൗനമാചരിക്കല്‍. എന്നാല്‍ ഈ സമയം മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കാണികളില്‍ ചിലര്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട വിരാട് കോലി ഉടന്‍ തന്നെ കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് ആംഗ്യം കാണിക്കുകയും ആ സമയത്ത് വേണ്ട ബഹുമാനം കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്.
Discussion about this post