മാഡ്രിഡ്: ലോക ഫുട്ബോളിന്റെ നെറുകയില്‍ വീണ്ടും ലയണല്‍ മെസി. ഹാട്രിക്കില്‍ അര്‍ധ സെഞ്ചുറി തികച്ച ലയണല്‍ മെസിയുടെ സ്കോറിങ് മികവില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്സലോണ. ലാ ലീഗയില്‍ രണ്ടു തവണ പിന്നില്‍ നിന്നശേഷമായിരുന്നു ബാഴ്സയുടെ ഗംഭീരമായ തിരിച്ചുവരവ്. രണ്ടിനെതിരേ നാല് ഗോളിന് ജയിച്ച ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 കളികളില്‍ നിന്ന് 57 പോയിന്റുള്ള ബാഴ്സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയേക്കാള് പത്ത് പോയിന്റിന്റെ ലീഡുണ്ട്.
22-ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ഗോളില്‍ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. 26-ാം മിനിറ്റിലായിരുന്നു മെസിയുടെ മറുപടി ഗോള്‍. 42-ാം മിനിറ്റില്‍ മാര്ഴ്സെഡോ വീണ്ടും സെവിയ്യയെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ ബോക്സിന്റെ വക്കില്‍ നിന്നെടുത്ത ഒരു കിക്ക് കൊണ്ട് മെസി വീണ്ടും ബാഴ്സയെ ഒപ്പമത്തെിച്ചു. 85-ാം മിനിറ്റില്‍ ബോക്സിന്റെ മധ്യത്തില്‍ നിന്നെടുത്ത ഇടങ്കാല് ഷോട്ടില്‍ ഹാട്രിക് തികച്ച മെസി ആദ്യമായി ബാഴ്സയെ മുന്നിലെത്തിച്ചു. ഈ സീസണില്‍ ലാ ലീഗയില്‍ മെസി നേടുന്ന ഇരുപത്തിയഞ്ചാം ഗോള്‍. സീസണില്‍ 32 മത്സരങ്ങളില്‍ നിന്നു നേടുന്ന 33-ാം ഗോള്‍ കൂടിയാണിത്.
കരിയറില്‍ മെസിയുടെ 650-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ബാഴസയ്ക്കുവേണ്ടി 585 ഉം അര്‍ജന്റീനയ്ക്കുവേണ്ടി 65 ഉം. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മെസിയുടെ ത്രൂ ബോള്‍ പിടിച്ചെടുത്ത് തൊടുത്ത ഷോട്ടിലൂടെ ലൂയിസ് സുവാരസ് പട്ടിക തികയ്ക്കുകയും ചെയ്തു. തോല്‍വിയോടെ 37 പോയിന്റുള്ള സെവിയ്യ അഞ്ചാം സ്ഥാനത്തായി.
Discussion about this post