കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്; റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നു

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മേല്‍ കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. 2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തി.

ഇവരിലൊരാള്‍ തന്നെ റൊണാള്‍ഡോ ഒരു സ്വകാര്യ പാര്‍ട്ടിക്ക് ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് ആരോപിച്ചിരിക്കുന്നത്. കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് അടുത്തിടെ റൊണാള്‍ഡോക്കെതിരെ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. സമാനമായ പരാതി തന്നെയാണ് മറ്റൊരു സ്ത്രീയും ആരോപിച്ചിരിക്കുന്നതെന്ന് മയോര്‍ഗയുടെ അഭിഭാഷക ലെസ്ലി സ്റ്റൊവാള്‍ വെളിപ്പെടുത്തി.

ഇതേസമയം, താരത്തിനെതിരെ രംഗത്തുവന്ന മറ്റൊരു സ്ത്രീ, റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്ന കാര്യം സ്റ്റൊവാള്‍ വെളിപ്പെടുത്തിയിട്ടില്ല.

ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് കഴിഞ്ഞദിവസം റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു കാതറിന്റെ ആരോപണം. ഇത് പുറത്തറിയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Exit mobile version