കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സികെ വിനീത് പോലീസില്‍ പരാതി നല്‍കി. ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്നതടക്കം , തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
‘മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നില്‍. ആള്‍കൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ നേരിടുന്നത്. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും സികെ വിനീത് പറയുന്നു. ഇനി സഹിക്കാനാവില്ലെന്നതിനാലാണ് പരാതി നല്‍കിയതെന്ന് വിനീത് വ്യക്തമാക്കുന്നു.
ആരാധകരുടെ എണ്ണത്തില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍, സമീപനത്തില്‍ മഞ്ഞപ്പട മോശമെന്നും സികെ വിനീത് പറഞ്ഞു. ബ്‌ളാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നെന്നും സികെ വിനീത് വിശദമാക്കുന്നു.