തിരുവനന്തപുരം: ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍, അറിയാന്‍ അന്ന് നിങ്ങള്‍ പിന്നിലെറിഞ്ഞു കളഞ്ഞ മഹേഷ് ഇന്ന് കേരളത്തിന്റെ അഭിമാനപുത്രനായിരിക്കുന്നു. ഇന്നും നിങ്ങളോടുള്ള ദേഷ്യത്താലാകണം,പേരിന്റെ ഇനിഷ്യല്‍ ചോദിച്ചാല്‍ മഹേഷ് പറയില്ല; അല്ലെങ്കിലും ഒന്‍പതാം മാസത്തില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ ആ കുഞ്ഞ് എന്തിന് നിങ്ങളുടെ പേര് അവന്റെ പേരിനൊപ്പം ചേര്‍ത്ത് നേട്ടത്തിന്റെ മാറ്റ് കളയണം.
13 വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ ആ കുഞ്ഞ് ഇന്നലെ സംസ്ഥാന കായിക മേളയിലെ പൊന്‍തിളക്കത്തിന്റെ ശോഭയില്‍ നിറഞ്ഞുനിന്നു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ആലപ്പുഴ കലവൂര്‍ സ്വദേശി മഹേഷ് പൊരുതിത്തോല്‍പിച്ചത് അനാഥത്വത്തെയും ദാരിദ്ര്യത്തെയും കൂടിയാണ്.
ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷിന്റെ ഒരു ദിവസം ആരംഭിക്കുന്നത് എന്നും പുലര്‍ച്ചെ 4.30നാണ്. മടിപിടിച്ച് കിടക്കാന്‍ അവകാശം പോലുമില്ലാത്ത അവന്‍ വീട്ടുജോലികള്‍ കഴിഞ്ഞ് 6 മുതല്‍ പരിശീലനം ആരംഭിക്കും. ഗ്രൗണ്ടില്‍നിന്നു നേരെ സ്‌കൂളിലേക്ക്. സ്‌കൂള്‍ വിട്ടാലുടന്‍ ലോട്ടറി വില്‍പന.
ഇതിനിടെ, മഹേഷിന്റെ അവസ്ഥ കേട്ടറിഞ്ഞ മന്ത്രി തോമസ് ഐസക്ക് വീടുവയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നടപടികള്‍ ഫയലില്‍ കുരുങ്ങി കിടക്കുകയാണ് ഇന്നും. സഹപാഠിയുടെ സ്‌പൈക്‌സ് കടംവാങ്ങിയാണ് മഹേഷ് ഇന്നലെ മത്സരത്തിനെത്തിയത്.
രക്ഷിതാക്കള്‍ ഉപേക്ഷിച്ചു പോയപ്പോള്‍ മഹേഷിനെ വളര്‍ത്തിയതു മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു. വാടക വീട്ടിലാണു താമസം. രണ്ടുമാസം മുന്‍പ് മുത്തച്ഛന്‍ പക്ഷാഘാതം വന്നു കിടപ്പിലായി. അവസാന വരുമാനമാര്‍ഗവും നിലച്ചതോടെ കുടുംബം പുലര്‍ത്താന്‍ ലോട്ടറി വില്‍പ്പന ഉള്‍പ്പെടെ പല ജോലികള്‍ ചെയ്തു തുടങ്ങിയത്. ആ കഠിധ്വാനത്തിന് ഇന്നലെ ട്രാക്കില്‍ പൊന്‍നേട്ടമാണ് സമ്മാനിച്ചത്. മത്സരത്തിന് ഇറങ്ങിയപ്പോള്‍ കൂട്ടത്തിലേറ്റവും ചെറുതായിരുന്നു 5 അടിയില്‍ താഴെ ഉയരമുളള മഹേഷ്. ഭയന്നു പിന്‍വാങ്ങാനാണ് ആദ്യം തോന്നിയത്.
പക്ഷേ, പിന്നിട്ട വഴികളോര്‍ത്തപ്പോള്‍ വിജയത്തിന്റെ അവകാശം തനിക്കുമുണ്ടെന്നു മനസ്സിലുറപ്പിച്ചു. മൂന്നാമത്തെ ശ്രമത്തില്‍ 38.03 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി. അവസാനം പേരിന്റെ ഇനിഷ്യല്‍ ചോദിച്ച പത്രലേഖകരോട് അവന്‍ പറഞ്ഞു: എന്റെ പേരിന് ഇനിഷ്യല്‍ ഇല്ല…