ടീമിലെടുക്കാത്തതിന് സെലക്ടറെ ആക്രമിച്ചു; യുവക്രിക്കറ്റ് താരത്തിന് ഡിഡിസിഎ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി

ഡല്‍ഹി അണ്ടര്‍ 23 ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്.

ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനാണ് യുവതാരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഡി.ഡി.സി.എ മേധാവി രജത് ശര്‍മ്മയാണ് ആജീവനാന്ത വിലക്ക് വിവരം പുറത്തുവിട്ടത്.

ടീം തെരഞ്ഞെടുപ്പിന് സെലക്ടറായെത്തിയ മുന്‍ ഇന്ത്യന്‍ പേസ്ബൗളര്‍ അമിത് ഭണ്ഡാരിയെയാണ് ടീമിലേക്ക് പരിഗണിച്ചില്ലെന്ന പേരില്‍ അമിത് ദേധയും ഗുണ്ടാസംഘവും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്നാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും ആജീവനാന്തം വിലക്കുന്നതായി രജത് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇരുമ്പ് പൈപ്പുകളും ഹോക്കി സ്റ്റിക്കും അടക്കം ഉപയോഗിച്ചായിരുന്നു അമിത് ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. ടീം തെരഞ്ഞെടുപ്പ് നടന്ന ന്യൂഡല്‍ഹി കശ്മീരി ഗേറ്റിന് സമീപത്തെ സെന്റ് സ്റ്റീഫന്‍സ് മൈതാനത്തുവെച്ച് തിങ്കളാഴ്ച്ചയായിരുന്നു ആക്രമണം. പോലീസ് സ്ഥലത്തെത്തും മുമ്പ് അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ അമിത് ഭണ്ഡാരിയുടെ കാലില്‍ ഏഴ് തുന്നലിട്ടിരുന്നു. തലക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹിയില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും രംഗത്തെത്തി. ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ആജീവനാന്ത വിലക്ക് തന്നെ ഏര്‍പ്പെടുത്തണമെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി.

Exit mobile version