ഓക്ലാന്‍ഡ്: മൈതാനിയില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി20യുടെ തകര്‍പ്പന്‍ കളി നടന്നുകൊണ്ടിരിക്കുമ്പോഴും ജനശ്രദ്ധ ഗാലറിയിലാരുന്നു. ഗാലറിയില്‍ ഉയര്‍ന്നത് താരങ്ങളുടെ പേരിന് പകരം ‘മീ ടൂ’ പോസ്റ്ററുകള്‍. വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിനു പിന്നാലെ രണ്ടാം ട്വന്റി20ക്കു വേദിയായ ഓക്ലന്‍ഡ് ഈഡന് പാര്‍ക്കിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ന്യൂസ്ലാന്ഡ് ക്രിക്കറ്റ് അധികൃതര്‍ക്കു നാണക്കേടായി.
എന്നാന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമുണ്ട്. ന്യൂസ്ലന്ഡ് ക്രിക്കറ്റ് ടീം അംഗമായ ഓള്‍റൗണ്ടര്‍ സ്കോട്ട് കുഗ്ഗെലെയ്നെതിരെ 2015ല്‍ മാനഭംഗക്കേസ് ചുമത്തിയിരുന്നു. എന്നാല്‍, നീണ്ട വിചാരണയ്ക്കുശേഷം ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.
വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട ‘മീ ടൂ’ പോസ്റ്ററുകള്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് അധികൃതരും സ്റ്റേഡിയം അധികൃതരും ഇടപെട്ട് നീക്കം ചെയ്തിരുന്നു. ബാനറുമായെത്തിയ യുവതിയെ സ്റ്റേഡിയത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. എന്നാല്‍, സംഭവം വിവാദമായതോടെ ന്യൂസ്ലന്ഡ് ക്രിക്കറ്റ് മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. വ്യക്തികളെ ഉന്നമിടുന്ന ഇത്തരം പോസ്റ്ററുകള്‍ സ്റ്റേഡിയത്തില്‍ അനുവദനീയമല്ലെന്ന ചട്ടപ്രകാരമാണ് ഇവ നീക്കിയതെന്നായിരുന്നു വിശദീകരണം. പിന്നീട് പിടിച്ചെടുത്ത ബാനറും തിരികെ നല്കി.
എന്നാല്‍ ‘ന്യൂസ്ലാന്ഡ് ക്രിക്കറ്റ് ഉണരൂ… മീ ടൂ’ എന്നെഴുതിയ പോസ്റ്ററുകള്‍ ഓക്ലന്ഡില് നടന്ന രണ്ടാം ട്വന്റി20യ്ക്കിടയിലും പ്രത്യക്ഷപ്പെട്ടു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബുദ്ധിമുട്ടിലായി ടീം. രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കുശേഷം കുഗ്ഗെലെയ്ന്‍ കുറ്റക്കാരനല്ലെന്ന് ന്യൂസീലന്‍ഡിലെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, വിവാദങ്ങള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചന നല്‍കിയാണ് താരം കളിക്കുന്ന സ്റ്റേഡിയങ്ങളിലും പ്രതിഷേധക്കാര്‍ ‘മീ ടൂ’ ബാനറുകളുമായി എത്തുന്നത്.
മാനഭംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടശേഷം 2017 മേയ് 14നാണ് കുഗ്ഗെലെയ്ന്‍ ന്യൂസീലന്‍ഡിനായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ഇത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ട്വന്റി20 അരങ്ങേറ്റവും കുറിച്ചു. അതിനു ശേഷം ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ടു ട്വന്റി20യിലും കളത്തിലിറങ്ങി.
Discussion about this post