വിന്‍ഡീസിന് ജയത്തോളം പോന്ന സമനില! മുട്ടുമടക്കി ഇന്ത്യ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍വിയോടടുത്ത സമനിലയില്‍ കുരുങ്ങി.

വിശാഖപട്ടണം: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍വിയോടടുത്ത സമനിലയില്‍ കുരുങ്ങി. ഇതിനകം ഒട്ടേറെ തോല്‍വികള്‍ ഏറ്റുവാങ്ങിയ വിന്‍ഡീസ് പൊരുതാനുറപ്പിച്ചു ക്രീസില്‍നിന്നതോടെ ഇന്ത്യ സമനില സമ്മതിക്കുകയായിരുന്നു! ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വിരാട് കോഹ്ലി പിന്നിട്ട റെക്കോര്‍ഡുകളുടെ തിളക്കത്തോടൊപ്പം സമ്മാനിച്ചത് 50 ഓവറില്‍ ആറിനു 321.

പക്ഷേ, പൊരുതിനിന്ന ഷായ് ഹോപിന്റെയും (123 നോട്ടൗട്ട്) സെഞ്ചുറിക്ക് 6 റണ്‍സരികെ പുറത്തായ ഷിമ്രോന്‍ ഹെറ്റ്മിയറിന്റെയും (64 പന്തില്‍ 94) ബാറ്റിങ് മികവില്‍ വിന്‍ഡീസ് സ്‌കോര്‍ ഒപ്പമെത്തിച്ചു. 600 റണ്‍സിലധികം സ്‌കോര്‍ ചെയ്തിട്ടും ആരും വിജയികളാവാത്ത മല്‍സരം. വിരാട് കോഹ്ലിയാണു മാന്‍ ഓഫ് ദ് മാച്ച്.

പിരിമുറുക്കം നിറഞ്ഞതായിരുന്നു അവസാന ഓവറുകള്‍. അവസാന 11 ഓവറില്‍ വിന്‍ഡീസിനു വേണ്ടിയിരുന്നത് 65 റണ്‍സ്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ അതു 14 റണ്‍സ് ആയിരുന്നു. ആദ്യത്തേത് യോര്‍ക്കര്‍, ഷായ് ഹോപ് നേടിയത് ഒരു റണ്‍. നഴ്‌സ് ക്രീസില്‍. ഉമേഷിന്റെ റിവേഴ്‌സ് സ്വിങ് ചെയ്ത യോര്‍ക്കര്‍ കൊണ്ടതു നഴ്‌സിന്റെ പാഡില്‍. പന്തു തേഡ് മാന്‍ ബൗണ്ടറിയിലേക്ക്, ഫോര്‍. അടുത്ത പന്ത് ലെഗ് സ്റ്റംപിനു നേര്‍ക്കൊരു യോര്‍ക്കര്‍. ഡീപ് മിഡ്വിക്കറ്റിലേക്കു പന്തു തട്ടിയ ഷാ ഓടിയെടുത്തതു 2 റണ്‍സ്. പക്ഷേ, അടുത്ത പന്തില്‍ നഴ്‌സ് ഔട്ടായപ്പോള്‍ ഇന്ത്യ ജയം മണത്തു. ഓവറിലെ അഞ്ചാം പന്ത് ഹോപിനു നേര്‍ക്ക്. താഴ്ന്നുവന്ന ഫുള്‍ടോസ് പന്ത് ഡീപ് മിഡ്വിക്കറ്റിലേക്കു ഹോപ് തട്ടി. 2 റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 5 റണ്‍സ്. ഉമേഷ് യാദവ് ഓഫ് സ്റ്റംപിനു വെളിയിലെറിഞ്ഞ പന്ത്, ഹോപ് ബൗണ്ടറിയിലേക്കു നീട്ടിയടിച്ചു. അപ്രതീക്ഷിത സമനില!

നേരത്തെ, അമ്പാട്ടി റായുഡുവിനൊപ്പമാണു കോഹ്ലി ഇന്ത്യന്‍ ഇന്നിങ്‌സിനെ രക്ഷപ്പെടുത്തിയത്. ഓപ്പണര്‍മാരായ രോഹിത് നാലിനും ധവാന്‍ 29നും പുറത്തായപ്പോള്‍ തകര്‍ച്ചയുടെ ലക്ഷണങ്ങളിലായിരുന്നു ഇന്നിങ്‌സ്. ഒന്‍പതാം ഓവറില്‍ രണ്ടിനു 40 എന്ന നിലയില്‍ കോഹ്ലിയും റായുഡുവും ഒന്നിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും നേടിയത് 142 പന്തുകളില്‍നിന്ന് 139 റണ്‍സ്. 80 പന്തില്‍ 70 റണ്‍സുമായി റായുഡു നന്നായി തിളങ്ങി. വലിയ ആരവങ്ങളിലേക്കു ബാറ്റുമായെത്തിയ എംഎസ് ധോണി (20) ഇന്നലെയും നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരന്‍ മക്കോയ്ക്ക് ആദ്യ രാജ്യാന്തര വിക്കറ്റ് സമ്മാനിച്ചാണു ധോണി പോയത്. ഋഷഭ് പന്തിനും (13 പന്തില്‍ 17) ശോഭിക്കാനായില്ലെങ്കിലും അപ്പോഴെല്ലാം ക്യാപ്റ്റന്‍ കോഹ്ലി ക്രീസിലുണ്ടായിരുന്നു.

സ്‌കോര്‍:

ഇന്ത്യ: രോഹിത് സി ഹെറ്റ്മിയര്‍ ബി റോച്ച് -4, ധവാന്‍ എല്‍ബിഡബ്ല്യു നഴ്‌സ് -29, കോഹ്ലി നോട്ടൗട്ട് – 157, റായുഡു ബി നഴ്‌സ് -73, ധോണി ബി മക്കോയ് -20, പന്ത് എല്‍ബിഡബ്ല്യു സാമുവേല്‍സ് -17, ജഡേജ സി പവല്‍ ബി മക്കോയ് – 13, ഷമി നോട്ടൗട്ട് -0,
എക്‌സ്ട്രാസ് – 8
ആകെ – 50 ഓവറില്‍ ആറിന് 321.
വിക്കറ്റ് വീഴ്ച: 1-15, 2-40, 3-179, 4-222, 5-248, 6-307.
ബോളിങ്: ഹോള്‍ഡര്‍: 6-0-50-0, റോച്ച്: 10-0-67-1, നഴ്‌സ്: 10-0-46-2, ബിഷു: 10-0-48-0, മക്കോയ്: 9-0-71-2, സാമവുല്‍സ്: 5-0-36-1.

വിന്‍ഡീസ്: പവല്‍ സി പന്ത് ബി ഷമി -18, ചന്ദര്‍പോള്‍ ഹേംരാജ് ബി കുല്‍ദീപ് -32, ഷായ് ഹോപ് നോട്ടൗട്ട് -123, സാമുവല്‍സ് ബി കുല്‍ദീപ് -13, ഹെറ്റ്മിയര്‍ സി കോഹ്ലി ചാഹല്‍ -94, റോവ്മാന്‍ പവല്‍ സി രോഹിത് ബി കുല്‍ദീപ് -18, ഹോള്‍ഡര്‍ റണ്‍ഔട്ട് (റായുഡു-ചാഹല്‍) 12, നഴ്‌സ് സി റായുഡു ബി ഉമേഷ് – 5, കെമര്‍ റോച്ച് നോട്ടൗട്ട് -0,
എക്‌സ്ട്രാസ്-6,
ആകെ – 50 ഓവറില്‍ ഏഴിന് 321.
വിക്കറ്റ് വീഴ്ച: 1-36, 2-64, 3-78, 4-221, 5-253, 6-300, 7-315.
ബോളിങ്: ഷമി: 10-0-59-1, ഉമഷ് യാദവ്: 10-0-78-1, കുല്‍ദീപ് യാദവ്: 10-0-67-3, രവീന്ദ്ര ജഡേജ: 10-0-49-0, ചാഹല്‍: 10-0-63-1

Exit mobile version