വെല്ലിങ്ടണ്‍: ഏകദിന പരമ്പരയില്‍ നാണംകെട്ട ന്യൂസിലാന്‍ഡ് ട്വന്റി-ട്വന്റിയില്‍ തകര്‍പ്പന്‍ ഫോമില്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇന്ത്യയ്ക്കെതിരെ ആദ്യ ട്വന്റി-ട്വന്റിയില്‍ 216 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് കെട്ടിപ്പൊക്കിയത്.
20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 215 റണ്‍സെടുത്തത്. 43 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്സും സഹിതം 84 റണ്‍സെടുത്ത ഓപ്പണര്‍ സെയ്ഫേര്‍ട്ടിന്റെ ബാറ്റിംഗ് മികവിലാണ് കിവീസ് കൂറ്റന്‍ സ്കോറിലെത്തിയത്. ആദ്യ വിക്കറ്റില്‍ കോളിന് മണ്ട്രോയുമായി ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് കീവീസ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
മണ്ട്രോ 20 പന്തിലും നായകന് കെയ്ന്‍ വില്യംസണ് 22 പന്തിലും 34 റണ്‍സ് വീതമെടുത്തു. ടെയ്ലര് 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കുഗ്ലേജിന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങിയ മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഹാര്‍ദ്ദിക്കിന്റെ പ്രകടനം. യുസ്വേന്ദ്ര ചഹല്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകള്‍ വലിച്ചെറിയുന്ന തിരക്കിലാണ്. ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 72റണ്‍സ് എന്ന നിലയിലാണ്. നായകന് രോഹിത് ശര്‍മ്മ ഒരു റണ്‍സ് മാത്രം സംഭാവന ചെയ്ത് കൂടാരം കയറി. ശിഖര്ധവാന്(29), വിജയ് ശങ്കര്‍(27), ഋഷഭ് പന്ത് (4) , ദിനേശ് കാര്‍ത്തിക് (5)തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Discussion about this post