ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കള്‍ ഷൂമാക്കറിന്റെ മകന് മൈക്ക് ഷൂമാക്കറിന്റെ, റേസിംഗ് അക്കാദമിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഫെറാറി ഡ്രൈവര്‍ അക്കാദമി. അടുത്ത സീസണിലെ ഫോര്‍മുല 2 റേസിംഗില്‍ പങ്കെടുക്കാനിരിക്കുന്ന 19കാരന്, ആടുത്ത ആഴ്ച്ച തുടങ്ങാനിരിക്കുന്ന ഫെറാറി അക്കാദമിയിലെ പ്രീ സീസണ് ആക്റ്റിവിറ്റികളില്‍ ഭാഗമാകും.
ഫെറാറി കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ ത്രില്ലടിച്ചിരിക്കുകയാണെന്ന് പറഞ്ഞ മൈക്ക്, ചെമ്പടക്കൊപ്പം ചേരാന്‍ സാധിച്ചതിലെ ആഹ്ലാദവും മറച്ചു വെച്ചില്ല. ഫോര്‍മുല വണന്റെ ഭാഗമാവുകയെന്ന തന്റെ സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി കടന്നു പോകേണ്ട ഏത് വഴിയും തനിക്ക് പ്രധാനമാണെന്ന് പറഞ്ഞ മൈക്ക്, ഫെറാറിയുടെ കൂടെ ചേരാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും, അതുല്യമായ നേട്ടം മാത്രമായിരിക്കും ഇത് കൊണ്ട് തനിക്ക് ലഭിക്കാന്‍ പോകുന്നതെന്നും അറിയിച്ചു.
ഫോര്‍മുല വണ്‍ ഇതിഹാസ താരമായിരുന്ന മൈക്കല്‍ ഷൂമാക്കറിന്റെ 50ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറ്റലിയിലെ ഫെറാറി മ്യൂസിയത്തില്‍ പ്രത്യേക എക്സിബിഷന് നടത്തി വരികയാണ് കമ്പനി. എഫ്1ല്‍ റെക്കോര്‍ഡുകളുടെ തോഴനായ മൈക്കല്‍ ഷൂമാക്കര്‍, ഏഴ് ലോകകിരീടവും, 91 വിജയങ്ങളും, 155 പോഡിയങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍, അതുല്യ പ്രതിഭയായ ഷൂമാക്കറിന്റെ മകന് എന്ന നിലയിലല്ല മറിച്ച്, കഴിവും പ്രൊഫഷനല്‍ മികവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ പ്രായത്തിലേ മൈക്ക് ഷൂമാക്കറിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഫെറാറി പ്രിന്‍സിപ്പള്‍ മാട്ടിയ ബിനോറ്റോ പറഞ്ഞു.
Discussion about this post