ഹാമില്‍ട്ടണ്‍: 200-ാം ഏകദിനത്തില്‍ നായകനായി ഇറങ്ങിയ രോഹിത് ശര്‍മ്മ എക്കാലവും മറക്കാന്‍ ആഗ്രഹിക്കുന്ന പ്രകടനമായിരിക്കും ഇന്ന് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കാഴ്ചവെച്ചത്. 92 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയെ നാലാം ഏകദിനത്തില്‍ കിവികള്‍ പരാജയപ്പെടുത്തുകുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്. ടീമിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ ഏറ്റവും ചെറിയ സ്‌കോറും.
വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്ക്ക് ഈ തോല്‍വി അപ്രതീക്ഷിത ഷോക്കായി മാറി. ടീമിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് ഇതെന്നാണ് മത്സരശേഷം നായകന്‍ പ്രതികരിച്ചത്.
നായകന്‍ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എംഎസ്‌ധോണിയുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും ഇത്ര മോശം പ്രകടനമല്ല ഇന്ത്യയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. പരാജയത്തില്‍ ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനത്തെ രോഹിത് വിമര്‍ശിക്കുന്നു.
‘സമീപകാലത്തെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത്. ഗംഭീര പ്രകടനം കാഴ്ച വച്ച ന്യൂസിലന്‍ഡ് ബോളര്‍മാരെ അഭിനന്ദിക്കണം. അവരില്‍ നിന്നും നമ്മള്‍ക്ക് പഠിക്കാനുണ്ട്’ മത്സരശേഷം രോഹിത് പറഞ്ഞു. മോശം ഷോട്ടുകളും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വന്നതുമാണ് ബാറ്റ്സ്മാന്മാര്‍ക്ക് വിനയായതെന്നും രോഹിത് പറഞ്ഞു.