ന്യൂഡല്‍ഹി: 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് സുപ്രീം കോടതി. അഞ്ച് വര്‍ഷമായി വിലക്ക് ചുരുക്കണമെന്ന് ഹര്‍ജി നല്‍കാനേ ശ്രീശാന്തിന് സാധിക്കൂവെന്ന് കോടതി വ്യക്തമാക്കി.
വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ കെഎം ജോസഫ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കോഴക്കേസില്‍ ശ്രീശാന്ത് പോലീസിനോട് കുറ്റസമ്മതം നടത്തിയതെന്തിനാണെന്നും കോടതി ചോദിച്ചു. പോലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
കൈയില്‍ പണം എന്തിനാണ് കരുതിയതെന്നും ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും വാദമദ്ധ്യേ കോടതി ചോദിച്ചു. ഒരു അനാഥാലയത്തിന് നല്‍കാനാണ് കൈയില്‍ പണം കരുതിയതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും ഇതിനായി സമയം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി.