സച്ചിനേയും അഫ്രീദിയേയും പിന്നിലാക്കി നേപ്പാളിന്റെ ഈ കൗമാരതാരം; ക്രിക്കറ്റ് ലോകത്ത് പുതിയ താരോദയം!

സൂപ്പര്‍താരം ഷാഹിദ് അഫ്രീദിയുടെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോഡുകള്‍ തകര്‍ത്ത് ക്രിക്കറ്റ് ലോകത്തേക്ക് പുതിയ താരോദയം.

ദുബായ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെയും പാകിസ്താന്‍ സൂപ്പര്‍താരം ഷാഹിദ് അഫ്രീദിയുടെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോഡുകള്‍ തകര്‍ത്ത് ക്രിക്കറ്റ് ലോകത്തേക്ക് പുതിയ താരോദയം. നേപ്പാളിന്റെ കൗമാര താരം രോഹിത് പൗഡലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്. 16 വയസ്സും 146 ദിവസവും മാത്രം പ്രായമുള്ള രോഹിത് യുഎഇയ്ക്കെതിരായ മത്സരത്തിലാണ് ചരിത്രമെഴുതിയത്. 1989-ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന്‍ ആദ്യ അന്താരാഷ്ട്ര അര്‍ധശതകം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലാണ് സച്ചിന്‍ ചരിത്രം കുറിച്ചത്.

ഒപ്പം, പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിക്ക് സ്വന്തമായിരുന്ന ഏകദിനത്തില്‍ ഫിഫ്റ്റി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. 1999-ല്‍ ശ്രീലങ്കയ്‌ക്കെതിരേ അഫ്രീദി 16 വയസും 217 ദിവസവും പ്രായമുള്ളപ്പോഴാണ് അര്‍ധശതകം നേടിയത്. 37 പന്തില്‍ സെഞ്ചുറിയും കുറിച്ച അഫ്രീദി അന്ന് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു.

58 പന്തില്‍ 55 റണ്‍സാണ് യുഎഇക്കെതിരേ രോഹിത് അടിച്ചെടുത്തത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം ഏകദിനം 145 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിട്ടുണ്ട്.

Exit mobile version