കാര്‍ഡിഫ്: കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ മുന്നേറ്റതാരം എമിലിയാനോ സാലയെ കണ്ടെത്താനുള്ള നീണ്ട 36 മണിക്കൂറുകളുടെ തെരച്ചിലിന് വിരാമമായി. വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ മുന്നേറ്റതാരം സാലയെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുകയാണെന്ന് തെരച്ചില്‍ സംഘം അറിയിച്ചു. ഇംഗ്ലീഷ് ചാനലിലും സമീപത്തെ ദ്വീപുകളിലുമായി നടത്തിയ രണ്ട് ദിവസത്തോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് ശ്രമം അവസാനിപ്പിച്ചത്. ചെറിയ വിമാനമായതിനാല്‍ ശേഷിപ്പുകള്‍ കണ്ടെത്താന്‍ ആകില്ലെന്ന അനുമാനത്തിലാണ് സംഘം.
ഫ്രാന്‍സിലെ നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് സാലയുടെ വിമാനം അപകടത്തില്‍പെട്ടത്. സാലയെ കൂടാതെ ബ്രീട്ടീഷ് വൈമാനികന്‍ ഡേവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഒന്നും കണ്ടെത്താനായില്ലെന്നും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഗ്വേന്‍സി പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. അതേസമയം കാര്‍ഡിഫ് സിറ്റി അധികൃതരുടേയും അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്റേയും പ്രത്യേക നിര്‍ദേശപ്രകാരം തെരച്ചില്‍ പുനരാരംഭിക്കാനും സാധ്യതയുണ്ട്.
കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണാണ് സാല ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയത്. നേരത്തെ കാര്‍ഡിഫിലെത്തിയ താരം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ടീമിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്.
ഇതിനിടെ, വിമാനം തകരാന്‍ പോവുകയാണെന്നും ഭയം തോന്നുന്നെന്നും സലാ പറയുന്ന വാട്‌സ്ആപ്പ് സന്ദേശം സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. കൂട്ടുകാര്‍ക്കയച്ച ശബ്ദ സന്ദേശം സാലയുടേതാണെന്ന് പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.