‘ഡാഡ്.. എനിക്ക് ശരിക്കും പേടിയാകുന്നു, ഇത് തകരാന്‍ പോവുകയാണെന്ന് തോന്നുന്നു’; ഫുട്‌ബോള്‍ ലോകത്തെ കണ്ണീരണിയിച്ച് സാലയുടെ അവസാന സന്ദേശം; പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം

ലണ്ടന്‍: ഫുട്‌ബോള്‍ ലോകവും ലോകമെമ്പാടുമുള്ള ആരാധകരും കണ്ണീരോടെ കാത്തിരിക്കുന്ന ശുഭവാര്‍ത്ത ഇനിയുമെത്തിയില്ല. ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിനിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാലയും പൈലറ്റ് ഡേവ് ഇബോട്ട്‌സണും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകര്‍.

അതേസമയം, ഫ്രഞ്ച് നഗരമായ നാന്റെസില്‍ നിന്ന് ഇംഗ്ലണ്ടിലെ കാര്‍ഡിഫിലേക്കു പുറപ്പെട്ട സാലയുടെ ചെറുവിമാനത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനുള്ള തിരച്ചിലുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗൂര്‍നെസയിലെ പോലീസാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ചു മണിക്കൂറോളം ഒട്ടേറെ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം, സാലയുടേതെന്നു പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് വോയിസ് മെസേജ് ഇന്നലെ പുറത്തു വന്നിരുന്നു. വിമാനം തകരാന്‍ പോവുകയാണെന്ന് ഭയപ്പാടോടെ സാല പറയുന്നതാണ് സന്ദേശം. ”ഞാന്‍ ഇപ്പോള്‍ വിമാനത്തിലാണ്. ഇതു തകരാന്‍ പോകുന്നതു പോലെ തോന്നുന്നു. ഡാഡ്, എനിക്ക് ശരിക്കും പേടിയാകുന്നു..”. ശബ്ദം സാലയുടേതു തന്നെയെന്ന് താരത്തിന്റെ പിതാവ് ഹൊറാഷ്യോ സ്ഥിരീകരിച്ചതായി അര്‍ജന്റീന ദിനപത്രമായ ക്ലാരിന്‍ എഴുതി. അതേ സമയം താരത്തിന്റെ പഴയ ക്ലബായ നാന്റെസിലും പുതിയ ക്ലബായ കാര്‍ഡിഫിലും ആരാധകര്‍ പ്രാര്‍ഥനകളുമായി സജീവമാണ്.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്ന് ഈയിടെയാണ് സാല പ്രീമിയര്‍ ലീഗ് ക്ലബ് കാര്‍ഡിഫ് സിറ്റിയുമായി കരാര്‍ ഒപ്പിട്ടത്. കാര്‍ഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീയായ 18 ദശലക്ഷം പൗണ്ടിനായിരുന്നു (ഏകദേശം 167 കോടി രൂപ) കൂടുമാറ്റം. വെള്ളിയാഴ്ച കാര്‍ഡഫിലെത്തിയ സാല ക്ലബില്‍ രേഖകള്‍ ഒപ്പിടലും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി നാന്റെസിലേക്കു തന്നെ മടങ്ങി. പിന്നീട് ടീമിനൊപ്പം ചേരാനായി കാര്‍ഡിഫിലേക്കു തന്നെയുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാനായത്.

Exit mobile version