വാഹനാപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടിട്ടും കാല്‍പന്തിനോടുള്ള അഭിനിവേശം! പേരാമ്പ്രയിലെ വൈശാഖിന് അവസരമൊരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഈ ആദരത്തിന് ബിഗ് സല്യൂട്ടുമായി സോഷ്യല്‍മീഡിയ

വിധിയെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്ന വൈശാഖിനെ തേടി അപൂര്‍വ്വ സൗഭാഗ്യമാണ് എത്തിയിരിക്കുന്നത്.

കോഴിക്കോട്: കേരളത്തിന്റെ അടങ്ങാത്ത ഫുട്‌ബോള്‍ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ് കോഴിക്കോട് പേരാമ്പ്രക്കാരനായ വൈശാഖ്. സ്‌കൂളില്‍ പഠിക്കുന്നതിനിടെ വാഹനപകടത്തില്‍ ഒരു കാലുനഷ്ടപ്പെട്ടിട്ടും തളരാതെ വൈശാഖ് ഫുട്‌ബോളിനു പുറകെ ഓടി. പേരാമ്പ്രയുടെ മൈതാനങ്ങളില്‍ കാല്‍പന്ത് ഉരുളുമ്പോള്‍ കശലത്തില്‍ നിറസാന്നിധ്യമായി വൈശാഖ് ഉണ്ടാകുമായിരുന്നു. വിധിയെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്ന വൈശാഖിനെ തേടി അപൂര്‍വ്വ സൗഭാഗ്യമാണ് എത്തിയിരിക്കുന്നത്.

ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ഒരു ദിവസം പരിശീലനത്തിനുള്ള അവസരമാണ് വൈശാഖിന് ലഭിച്ചിരിക്കുന്നത്. ഇതിനായി വൈശാഖ് നാളെ ഗുവാഹത്തിയിലേക്ക് തിരിക്കും. 25ന് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കും 26ന് ചൈന്നൈയിന്‍ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തില്‍ വൈശാഖായിരിക്കും ക്ലബിന്റെ മുഖ്യാതിഥി.

വൈശാഖിന്റെ വീഡിയോ കണ്ട നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ ഷറ്റോരി വൈശാഖിന്റെ സമര്‍പ്പണത്തെ പ്രശംസിക്കുകയും ടീമിനൊപ്പം ബഹുമാനാര്‍ത്ഥം ക്ഷണിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള ക്ലബിന്റെ ട്വീറ്റ് പുറത്തുവന്നത്.

വൈശാഖ് ഇന്ത്യയുടെ ആംപ്യൂട്ടി ഫൂട്ബോള്‍ ദേശീയ താരം കൂടിയാണ്. ആംപ്യൂട്ടി ഫുട്ബോള്‍ ഏഷ്യാകപ്പിലെ ഇന്ത്യന്‍ ടീം അംഗവുമാണ് താരം. ഇപ്പോള്‍ ഇടുക്കിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആയി താല്‍ക്കാലിമായി ജോലിയിലാണ് വൈശാഖ്.

Exit mobile version