ന്യൂസിലാന്‍ഡിലും ഇന്ത്യന്‍ തേരോട്ടം; ആതിഥേയര്‍ 157ന് പുറത്ത്; 38 ഓവറില്‍ എറിഞ്ഞിട്ട് കുല്‍ദീപും ഷമിയും

നേപ്പിയര്‍: റണ്ണൊഴുകുമെന്ന് കരുതിയ നേപ്പിയര്‍ പിച്ചില്‍ ന്യൂസിലാന്‍ഡ് വിയര്‍ത്തു. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ 157 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 38 ഓവറിനുള്ളില്‍ പത്ത് വിക്കറ്റും അടിയറവ് വെച്ച് കളം വിടുകയായിരുന്നു.

നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ടത്. തകര്‍ത്തത്. യൂസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുമെടുത്തു. അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് പിടിച്ചു നിന്നത്.

മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലും ചേര്‍ന്ന് ന്യൂസീലാന്‍ഡിന്റെ ആദ്യത്തെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഇന്ത്യന്‍ പ്രകടനത്തിന് അടിത്തറ പാകിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമി ന്യൂസിലന്‍ഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി.

അര്‍ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണെ കുല്‍ദീപാണ് മടക്കിയത്. പിന്നീട് ഫെര്‍ഗൂസന്‍ (0), ഡഗ് ബ്രെയ്‌സ് വെല്‍ (7) എന്നിവരെയും കൂടാരം കയറ്റിയ കുല്‍ദീപ് ഒടുവില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് ന്യൂസീലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇതിനിടെ, മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. 11 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന രോഹിത്തിനെ ഡഗ് ബ്രേസ്വെല്ലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പിടികൂടുകയായിരുന്നു. ഇന്ത്യ 10 ഓവറില്‍ 44ന് ഒരു വിക്കറ്റ് എന്ന നി ലയില്‍ ബാറ്റിങ് തുടരുകയാണ്. ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

അതേസമയം, ഈ മത്സരത്തോടെ, ഇന്ത്യക്കായി ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ എന്ന നേട്ടം മുഹമ്മദ് ഷമി സ്വന്തം പേരിലാക്കി. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 മത്സരങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ പത്താനാണ് ഇതിന് മുമ്പ് വേഗത്തില്‍ 100 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം.

സഹീര്‍ ഖാന്‍ (65), അഗാര്‍ക്കര്‍ (67), ജവഗല്‍ ശ്രീനാഥ് (68) എന്നിവരാണ് പട്ടികയില്‍ പുറകിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്.

Exit mobile version