റണ്ണൊഴുകും നേപ്പിയര്‍ പിച്ചില്‍ അടിതെറ്റി ന്യൂസിലാന്‍ഡ്; തകര്‍ത്തടുക്കി ഷമിയും ചാഹലും

ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം.

നേപ്പിയര്‍: ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും തുടക്കത്തില്‍ തന്നെ പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നാലെ അടുത്ത രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് പര്യടനത്തില്‍ താരമായ യുസ്വേന്ദ്ര ചാഹല്‍ വരവറിയിച്ചു. റോസ് ടൈലര്‍ (24), ടോം ലാഥം (11) എന്നിവരെ ചാഹല്‍ തനിച്ചാണ് മടക്കിയത്.

22 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 41 റണ്‍സായി നായകന്‍ കെയ്ന്‍ വില്യംസണും 11 റണ്‍സുമായി ഹെന്റി നിക്കോളാസുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ന്യൂസീലാന്‍ഡില്‍ എത്തിയ ഇന്ത്യ വന്‍ പ്രതീക്ഷയിലാണ്.

അതേസമയം, റണ്ണൊഴുക്കിനു പേരുകേട്ട നേപ്പിയറിലെ പിച്ചിലെ തകര്‍ച്ച ന്യൂസിലാന്‍ഡിന് വരും ദിവസങ്ങളിലും തലവേദനയാകും. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ നിര്‍ണായക പരമ്പരയായതിനാല്‍ ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയതാണ് പരമ്പര. ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലാന്‍ഡിന് തോല്‍വിയായിരുന്നു വിധി. രണ്ടുവട്ടവും ഇന്ത്യയിലായിരുന്നു കളി.

Exit mobile version