എഴുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ആസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വരാനിരിക്കുന്ന ന്യൂസിലാന്റ് സീരീസിലും ലോകകപ്പിലും ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ സജ്ജരാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.
ആസ്ട്രേലിയയില്‍ കൂട്ടായ ഒരു ടീം വര്‍ക്ക് തന്നെയാണ് നടന്നത്. ലോകകപ്പ് മനസ്സില്‍ കാണുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കാര്യത്തിലും സന്തുലതയുടെ കാര്യത്തിലും ടീം മുന്നിലാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ധോണിയും കേദാര്‍ ജാദവും ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കും മുമ്പ് ധോണിക്ക് മികച്ച പിന്തുണയുമായി 62 പന്തുകളില്‍ നിന്ന് 42 റണ്ണെടുത്ത് കോഹ്‌ലി ക്രീസിലുണ്ടായിരുന്നു. നാല് പന്തുകള്‍ ശേഷിക്കെ അവസാന ഷോട്ട് ബൗണ്ടറിയിലേക്ക് പറത്തി ജാദവ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. വിജയരഥം തെളിച്ച് ധോണി 87 റണ്ണെടുത്ത് നോണ്‍സ്ട്രൈക്കറായി നിന്നു.
നേരത്തെ ടി-20 പരമ്പര സമനിലയില്‍ ഒതുക്കാനും ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള ക്രിക്കറ്റ് ആരാധകര്‍ ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം ചൊരിഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇനി ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യ കളത്തിലിറങ്ങുക.
Discussion about this post