ന്യൂഡല്‍ഹി: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ വിവാദ പ്രസ്താവനകള്‍ സുപ്രീം കോടതിയിലേക്ക്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരെയും വിലക്കിയ കാര്യം സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി (സിഒഎ) കോടതിയെ നേരിട്ടറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്സ്മാനെ നിയോഗിക്കണമെന്ന് സിഒഎ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു. മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് പിന്മാറിയ സാഹചര്യത്തില്‍ പിഎസ് നരസിംഹയെ പുതിയ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചിട്ടുണ്ട്.
അതേസമയം, ഇതുവരെയും ഹാര്‍ദ്ദിക്കിനും രാഹുലിനും എതിരായ നടപടിയില്‍ വ്യക്തത വരാത്തതിനാല്‍ ഇരുവരെയും ന്യൂസീലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കു മടങ്ങിവരവ് നീളുമെന്ന് ഉറപ്പായിരിക്കുകയാണ്.
സംവിധായകന് കരണ്‍ ജോഹറിനൊപ്പമുള്ള ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. പിന്നാലെ, ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പായി ഇരുവരേയും ടീമില്‍ നിന്നും വിലക്കി നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദ്ദികിന്റെ വെളിപ്പെടുത്തല്‍. തന്റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.
Discussion about this post