ഒഡെന്‍സ: ഡെന്മാര്ക്ക് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ്ങിനോട് തോറ്റു. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഇതോടെ സൈനക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്കോര്‍: 13-21, 21-13, 6-21 എന്ന നിലയിലായിരുന്നു.
ആദ്യ ഗെയിം കൈവിട്ട ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന് സൈന അതേ സ്കോറില്‍ രണ്ടാം ഗെയിം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സൈനയെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് തായ് കാഴ്ച വെച്ചത്. സൈന തീര്‍ത്തു നിറം മങ്ങിപ്പോയ മൂന്നാം ഗെയിം 21-6 ന് തായ് സ്വന്തമാക്കി.
ഇതുവരെ 18 തവണ ഏറ്റുമുട്ടിയതില്‍ സൈനക്കെതിരേ തായിയുടെ 13ാം വിജയമാണിത്. ഇരുവരും ഏറ്റുമുട്ടിയ തുടര്‍ച്ചയായ 11ാം മത്സരത്തിലും വിജയം തായിക്കൊപ്പം നിന്നു. അഞ്ചു തവണയാണ് സൈന വിജയം കണ്ടത്. തായി സു യിങ്ങിനെതിരേ ഈ വര്‍ഷം മാത്രം സൈനയുടെ അഞ്ചാം തോല്‍വിയാണ് ഡെന്മാര്ക്ക് ഓപ്പണിലേത്. 2013 ലായിരുന്നു സൈനയുടെ അവസാന വിജയം. അതിനുശേഷം നടന്ന 10 മത്സരങ്ങളിലും വിജയം തായ്വാന് താരത്തിനൊപ്പമായിരുന്നു. ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് സെമിഫൈനലിലും സൈന പരാജയപ്പെട്ടിരുന്നു.
സൈനയുടെ ഫൈനല്‍ പ്രവേശനം നേരത്തെ ഇന്‍ഡൊനീഷ്യയുടെ ഗ്രിഗോറിയ മിരസ്ക ടുന്‍ജുങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു. ചൈനീസ് താരം ഹി ബിന്ഗിയാവോവിനെ പരാജയപ്പെടുത്തിയാണ് തായ്വാന് താരം ഫൈനലിന് യോഗ്യത നേടിയത്.
Discussion about this post