മെല്‍ബണ്‍: ലോകടെന്നീസ് ആരാധകരെ കണ്ണീരിലാഴ്ത്തി ആന്‍ഡി മുറെയ്ക്ക് മടക്കം. കരിയറിലെ അവസാന ടൂര്‍ണമെന്റിന് ഇറങ്ങിയ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയ്ക്ക് അടിതെറ്റി. ഓസട്രേലിയന്‍ ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് തോല്‍വി. സപെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടാണാണ് പരിക്ക് വലച്ച മുറെയെ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 4-6, 7-6, 7-6, 2-6.
അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് മുറെ തോറ്റത്. ആദ്യ രണ്ടു സെറ്റുകളും അനായാസം നേടിയ അഗട്ട് മത്സരം അനായാസം കൈപ്പിടിയിലൊതുക്കുമെന്ന് തോന്നിച്ചെങ്കിലും പരിക്കിനെ വകവെയ്ക്കാതെ വീറോടെ പൊരുതി അടുത്ത രണ്ടു സെറ്റുകളും മുറെ ടൈബ്രേക്കറില്‍ സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മുറെ തീര്‍ത്തും നിഷ്പ്രഭനായി.
ടെന്നീസ് ആരാധകര്‍ക്ക് ഒരുപിടി ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ച ശേഷമാണ് മുപ്പത്തിയൊന്നുകാരനായ മുറെയുടെ പടിയിറക്കം. ഇടുപ്പിനേറ്റ പരിക്ക് വലച്ച താരത്തിന് ഏറെ നാളായി ടെന്നീസില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഒളിമ്പിക് ചാമ്പ്യന്‍ 230-ാം റാങ്കിലേക്ക് അടിതെറ്റി വീണിരുന്നു.
റോജര്‍ ഫെഡററും റഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും അടക്കിവാണ പുരുഷ ടെന്നീസ് ലോകത്ത് മൂന്നു ഗ്രാന്‍സ് ലാം കിരീടങ്ങളും -വിംബിള്‍ഡണ്‍ (2013, 2016), യുഎസ് ഓപ്പണ്‍ (2012). രണ്ടു ഒളിമ്പിക് സ്വര്‍ണമെഡലും (2012, 2016) മുറെ നേടിയിട്ടുണ്ട്.
Discussion about this post