തുടർച്ചയായ രണ്ടാം തവണയും കോപ അമേരിക്കയിൽ മുത്തമിട്ട അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്ക് സ്വന്തമായത് അപൂർവ്വ റെക്കോർഡ്. മറ്റൊരു കിരീടം കൂടി ഷെൽഫിലെത്തിച്ചതോടെ ഏറ്റവും കൂടുതൽ കപ്പുയർത്തിയ താരമായി ലയണൽ മെസി മാറി.
കോപ അമേരിക്ക ഫൈനലിൽ കൊളംബിയയെ വീഴ്ത്തിയാണ് അർജന്റീന വിജയതീരത്തെത്തിയത്. ഇതുവരെ മെസി കരിയറിൽ രാജ്യത്തിനും ക്ലബിനും വേണ്ടി 45 കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടത്തിലൂടെയാണ് മെസി ബ്രസീൽ താരം ഡാനി ആൽവസിന്റെ റെക്കോഡ് മറികടന്നത്.
മൂന്ന് വർഷത്തിനിടെ മൂന്ന് സുപ്രധാന കിരീടങ്ങളാണ് അർജന്റീന നേടിയത്. 2021ലെ കോപ അമേരിക്ക നേട്ടം പിന്നാലെ ഫൈനലിസിമയും ലോകകപ്പും രാജ്യത്തിനായി ഉയർത്തിയ മെസി ഇപ്പോൾ 2024ലെ കോപയും സ്വന്തമാക്കിയിരിക്കുകയാണ്.
39 ക്ലബ് കിരീടങ്ങളാണ് മെസിയുടെ ഷെൽഫിലുള്ളത്. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന 17 വർഷത്തിനിടെ നാല് ചാമ്പ്യൻസ് ലീഗും പത്തുതവണ ലാലിഗയും നേടി. ബാഴ്‌സക്കും പിഎസ്ജിക്കും ഇന്റർ മയാമിക്കുമൊപ്പം ആഭ്യന്തര ലീഗുകളിലും കിരീടമുയർത്തി.
also read- കാണാതായ ഡിഗ്രി വിദ്യാർഥിനി അമ്പലക്കുളത്തിൽ മരിച്ചനിലയിൽ; സംഭവം മട്ടാഞ്ചേരിയിൽ
യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് വേൾഡ് കപ്പും മൂന്ന് തവണ വീതവും നേടി. അർജന്റീനക്കായി 2005ൽ അണ്ടർ 17 ലോകകപ്പ്, 2008ലെ ഒളിമ്പിക്‌സ് സ്വർണം, 2021, 2024 വർഷങ്ങളിലെ കോപ അമേരിക്ക, 2022ൽ ലോകകപ്പും ഫൈനലിസിമയും എന്നിവയാണ് കിരീട നേട്ടങ്ങൾ. എട്ട് തവണ ബാലൺ ഡി ഓറും ആറുതവണ യൂറോപ്യൻ ഗോൾഡൻ ബൂട്ടും നേടിയ മെസി ഇതുവരെ 1,068 മത്സരങ്ങളിൽ നിന്നായി 838 ഗോളും 374 അസിസ്റ്റുമടക്കം 1,212 ഗോളുകളിലാണ് പേരെഴുതി ചേർത്തത്.
Discussion about this post