മുംബൈ: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും ക്രിക്കറ്റ് ഭാവിയെ തന്നെ തകര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അച്ചടക്ക നടപടിയുടെ ഭാഗമായി കൈക്കൊണ്ട ഇരു താരങ്ങള്‍ക്കുമെതിരായ സസ്പെന്ഷന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയും നഷ്ടമാക്കിയേക്കും. ഏകദിന, ട്വന്റി-ട്വന്റി പരമ്പരകളാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യയ്ക്കുള്ളത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇരുതാരങ്ങളോടും എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, എത്രകാലത്തേക്ക് വിലക്കിയെന്ന കാര്യത്തില്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ല. വിലക്ക് നീട്ടാനാണ് നിലവിലെ തീരുമാനമെന്നും സൂചനയുണ്ട്. തീരുമാനം അത്തരത്തിലാണെങ്കില്‍ ഇരുവരുടെയും ക്രിക്കറ്റ് കരിയറില്‍ തന്നെ കരിനിഴല്‍ വീണേക്കും. ഹാര്‍ദ്ദിക്കിന്റെയും രാഹുലിന്റെയും പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടാനായി താരങ്ങള്‍ പരിശ്രമിക്കുന്നതിനിടെ പരമ്പരകള്‍ നഷ്ടമാകുമെന്നത് ഫോമിലുള്ള ഹാര്‍ദ്ദിക്കിനും രാഹുലിനും തിരിച്ചടിയാകും. സസ്പെന്ഷന് കാലയളവ് കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഫോം തുണയ്ക്കണമെന്നില്ല, കൂടാതെ പുതിയതായി അവസരം ലഭിച്ചവരുടെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇരുവരുടെയും ലോകകപ്പ് സാധ്യതകള്‍. ഇതോടെ തുലാസില്‍ ആടുകയാണ് ഇരുതാരങ്ങളുടെയും ക്രിക്കറ്റ് കരിയറിന്റെ ഭാവി.
കോഫി വിത്ത് കരണ്‍ എന്ന സംവിധായകന് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു സ്ത്രീവിരുദ്ധ പരാമര്‍ശം ഹാര്‍ദ്ദിക്ക് നടത്തിയത്. നിരവധി സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഹാര്‍ദ്ദിക്ക് ഷോയില്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹാര്‍ദ്ദിക്ക് ട്വിറ്ററിലൂടെ ക്ഷമ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ഹാര്‍ദ്ദിക്ക് പറഞ്ഞു. പക്ഷേ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കെഎല്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവം വിവാദമായതോടെയാണ് ബിസിസിഐ താരങ്ങളോട് വിശദീകരണം ചോദിച്ചത്.
Discussion about this post