ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിക്കാനായി ഇന്നലെ മുംബൈയിലെ മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയ ജനങ്ങൾ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനസാഗരത്തിന് നടുവിലൂടെ കപ്പുമായി ടീം ഇന്ത്യ എത്തിയത് വലിയ രോമാഞ്ചം ഉണ്ടാക്കിയെങ്കിലും നിരവധി പേർക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റത് നോവായി മാറി.

പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. തിരക്കിൽപ്പെട്ട് ചിലർക്ക് ശ്വാസതടസവും തളർച്ചയും അനുഭവപ്പെട്ടു. ചിലർ ബോധംകെട്ടു വീഴുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തെത്തി.

ലോകകപ്പ് വിജയത്തിനു ശേഷം ബാർബഡോസിൽ നിന്ന് വ്യാഴാഴ്ചയാണ് ഇന്ത്യൻ ടീം നാട്ടിലെത്തിയത്. ടീമിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വമ്പൻ സ്വീകരണമാണ് ഒരുക്കിയതും. മറൈൻഡ്രൈവ് മുതൽ വാംഖഡെ സ്റ്റേഡിയം വരെയുള്ള റോഡിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് നടുവിലേക്ക് തുറന്ന ബസിൽ താരങ്ങളെത്തുകയും ചെയ്തു. ഈ ആഘോഷത്തിനിടെ മറൈൻഡ്രൈവിനും പരിസരത്തും നിർത്തിയിട്ടിരുന്ന കാറുകൾക്കു വലിയ രീതിയിൽ കേടുപാടുകൾ വന്നിട്ടുണ്ട്.

also read- 14 വർഷത്തിന് ശേഷം യുകെയിൽ കൺസർവേറ്റീവ് പാർട്ടിക്ക് പരാജയം; മാപ്പ് ചോദിച്ച് ഋഷി സുനക്; മാറ്റത്തിനുള്ള വോട്ടെന്ന് സ്റ്റാർമർ

വിക്ടറി പരേഡിനെത്തിയ ആരാധകരിൽ പലരുംനിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കയറി ആഹ്ലാദം പ്രകടിപ്പിച്ചതാണ് കാറുടമകളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്. പല വാഹനങ്ങളുടെയും മുകൾഭാഗവും ചില്ലുകൾക്കും കേടുപാടുകളേറ്റ നിലയിലാണ്.തിരക്കൊഴിഞ്ഞതിന് പിന്നാലെ റോഡിൽ കണ്ട കൂടിക്കിടക്കുന്ന ചെരിപ്പുകളുടെ കാഴ്ച തിരക്കിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.

Exit mobile version