കൊച്ചി: ഐഎസ്എൽ സീസണിൽ നോക്കൗട്ട് റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ അടിമുടി മാറ്റാനൊരുങ്ങി മാനേജ്‌മെന്റ്. മറ്റൊരു താരം കൂടി ഇതിന്റെ ഭാഗമായി ടീം വിട്ടിറങ്ങിയിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ലെ പ്രതിരോധ താരമായിരുന്ന മാർക്കോ ലെസ്‌കോവിച്ച് ്ആണ് ഒടുവിലായി ക്ലബ് വിട്ടിരിക്കുന്നത്.
ഈ സീസണിൽ ടീം വിടുന്ന അഞ്ചാമത്തെ താരമാണ് ലെസ്‌കോവിച്ച്. മുമ്പ് ദിമിത്രിയോസ് ഡയമന്റക്കോസ്, കരൺജിത്ത് സിംഗ്, ലാറ ശർമ്മ, ഡെയ്സുകെ സകായി തുടങ്ങിയവർ ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. പുതിയ താരങ്ങളുമായി ടീം ശക്തിപ്പെടുത്തുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സൂചന നൽകിയിരിക്കുകയാണ് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
2021ൽ ക്ലബിനൊപ്പം ചേർന്ന താരമാണ് ക്രൊയേഷ്യയിൽ നിന്നുള്ള മാർക്കോ ലെസ്‌കോവിച്ച്. ഇന്ത്യൻ സൂപ്പർ ലീഗിൽ 48 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണയുടെയും ദിമിത്രിയോസ് ഡയമന്റക്കോസിന്റെയും അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്നു.
ഇക്കഴിഞ്ഞ സീസണിൽ നോക്കൗട്ട് റൗണ്ടിൽ ഒഡീഷയോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെ തന്നെ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ക്ലബ് വിട്ടിരുന്നു. അതിന് ശേഷമാണ് താരങ്ങളുടെ കൂട്ടക്കൊഴിഞ്ഞുപോക്കും ഉണ്ടാകുന്നത്. പകരക്കാരായി മികച്ച താരങ്ങൾ എത്തിയേക്കും.