ലൈംഗിക പരാമര്‍ശ വിവാദത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരെ പിന്തുണക്കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. വിവാദ വിഷയത്തില്‍ അകലംപാലിച്ച് സംസാരിച്ച കോഹ്ലി അവരുടെ അഭിപ്രായ പ്രകടനം സ്വീകാര്യമല്ലെന്ന നിലപാടാണ് വ്യക്തമാക്കിയത്. സിഡ്നി ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്, എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇരുവര്‍ക്കും ഇപ്പോ മനസിലായിക്കാണുമെന്നും ശരിയല്ലാത്ത പരാമര്‍ശമായിരുന്നു അവരുടെതെന്നും കോഹ്ലി വ്യക്തമാക്കി.
വിവാദ വിഷയത്തില്‍ ഇതാദ്യമായാണ് കോഹ്ലി പ്രതികരിക്കുന്നത്. കരണ്‍ ജോഹറിന്റെ ടോക്ക് ഷോ ആയ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് വിവാദ പരാമര്‍ശം പാണ്ഡ്യയും രാഹുലും നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം വന്നതിന് പിന്നാലെ ഇരുവരോടും ബിസിസിഐ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
മാപ്പ് പോര, പാണ്ഡ്യക്കും രാഹുലിനും വിലക്കേര്‍പ്പെടുത്തണമെന്ന് ഡയാന എഡുള്‍ജി
വിഷയത്തില്‍ ക്ഷമാപണം നടത്തി പാണ്ഡ്യ രംഗത്ത് എത്തിയിരുന്നെങ്കിലും രംഗം ശാന്തമായിരുന്നില്ല. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഭരണ സമിതി അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുള്‍ജിയും ആവശ്യപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്. വൈകാതെ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.