ജയ്പൂർ: ഹോം ഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി ഏറ്റുവാങ്ങിയതിന്റെ നിരാശയ്ക്കിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴയും. കുറഞ്ഞ ഓവർ നിരക്കിനാണ് ബിസിസിഐ സഞ്ജുവിന് പിഴ വിധിച്ചത്. സഞ്ജുവിൻറെ ഭാഗത്തുനിന്ന് ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത് എന്നതിനാലാണ് പിഴ 12 ലക്ഷമായി ഒതുക്കിയതെന്നാണ് ബിസിസിഐയുടെ പ്രസ്താവന.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ നിശ്ചിത സമയമായപ്പോൾ ഒരോവർ കുറച്ചാണ് രാജസ്ഥാൻ റോയൽസ് എറിഞ്ഞിരുന്നത്. കുറഞ്ഞ ഓവർ നിരക്ക് കാരണം അവസാന ഓവറിൽ നാല് പേരെ മാത്രമേ സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യിക്കാൻ കഴിഞ്ഞുള്ളൂ അവസാനത്തെ പന്ത് വരെ നീണ്ട മത്സരത്തിന്റെ ഗതി നിർണയിക്കാൻ ഇതും ഒരു കാരണമായി.
ഇന്നലെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽസ് മൂന്ന് വിക്കറ്റിന് 196 റൺസാണെടുത്തത്. മികച്ച ഫോമിൽ തുടർന്ന സഞ്ജു 38 പന്തിൽ പുറത്താകാതെ 68 റൺസെടുത്തിരുന്നു, റയാൻ പരാഗ് 48 പന്തിൽ 76 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (44 പന്തിൽ 72), 35 റൺസെടുത്ത സായി സുദർശൻ, രാഹുൽ തെവാട്ടിയ(11 പന്തിൽ 22), റാഷിദ് ഖാൻ തുടങ്ങിയവരുടെ പ്രകടനമാണ് രാജസ്ഥാന്റെ ഉറപ്പായ വിജയത്തെ ഗുജറാത്ത് തട്ടിയെടുത്തത്. 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി, 11 പന്തിൽ 24 റൺസ് നേടുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം.