ഹൈദരാബാദ്: ഐപിഎൽ പതിനാറാം സീസണിൽ മുംബൈയ്ക്ക് എതിരായ മത്സരത്തിൽ കൂറ്റൻസ്‌കോർ പടുത്തുയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണർമാരുൾപ്പടെ തകർത്തടിച്ചതോടെ 277ന്റെ കൂറ്റൻസ്‌കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎൽ ചരിത്ത്രതിലെ ഏറ്റവും വലിയ സ്‌കോറെന്ന നേട്ടവും ഇതോടെ ഹൈദരാബാദ് സ്വന്തമാക്കി.
ക്രിസീലിറങ്ങിയ ഓപ്പണറായ മായങ്ക് അഗർവാൾ (11)മാത്രമാണ് കാര്യമായ സംഭാവന ടീം ടോട്ടലിലേക്ക് സംഭാവന ചെയ്യാതിരുന്നത്. പിന്നാലെ കൂട്ടുകെട്ട് പണിത ട്രെവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് വമ്പനടികളോടെ മുംബൈ ബൗളർമാരെ നിലം തൊടീക്കാതെ പറത്തി.
16 പന്തിൽ നിന്ന് അർധ സെഞ്ച്വറി നേടി അഭിഷേക് ശർമ്മയും 18 പന്തിൽ നിന്ന് അർധസെഞ്ച്വറി തികച്ച് ഹെഡും പുതിയ റെക്കോർഡ് ഹൈദരാബാദിന് സമ്മാനിച്ചു. 24 പന്ത് നേരിട്ട് 62 റൺസെടുത്താണ് ഹെഡ് മടങ്ങിയത്. 63 റൺസായിരുന്നു അഭിഷേക് നേടിയത്.
പിന്നാലെ വന്ന ഹെന്റിച്ച് ക്ലാസനും ഐഡൻ മാക്രവും മുംബൈയ്ക്ക് മുകളിൽ ഇടിച്ചുകുത്തിപെയ്യുകയായിരുന്നു. മുംബൈയുടെ പേരുകേട്ട എല്ലാ ബൗളർമാരേയും തലങ്ങും വിലങ്ങും മർദ്ദിച്ച ഇരുവരും പുറത്താകാതെ 122 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ക്ലാസൻ 34 പന്തിൽ നിന്ന് 80 റൺസും മാർക്രം 28 പന്തിൽ നിന്ന് 42 റൺസുമെടുത്തു.
മുംബൈ ഇന്ത്യൻസിനായി നാല് ഓവറുകൾ വീതം എറിഞ്ഞ ഹാർദ്ദിക് പാണ്ഡ്യ 46 റൺസും 17കാരനായ യുവതാരം ക്വേന എമഫാക 66 റൺസും ജെറാൾഡ് കോയേസീ 57 റൺസുമാണ് വിട്ടുകൊടുത്തത്. ബൂംറ (36,)മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.