ഐപിഎൽ ചരി്രതത്തിൽ കപ്പ് എന്ന ഭാഗ്യം ഒരു തവണ പോലും തുണയ്ക്കാത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ ചീത്തപ്പേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. കപ്പില്ലെങ്കിലും ആരാധകരുടെ എണ്ണത്തിലും ബാംഗ്ലൂരിന് കുറവൊന്നുമില്ല. 2008-ലെ ആദ്യ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ ടീമിന്റെ ചുരുക്കപ്പേര് ‘ആർസിബി’ എന്നാണ്.
അതേസമയം, ഈ സീസൺ മുതൽ അടിമുടി മാറ്റത്തിനാണ് ടീം ഒരുങ്ങുന്നത് എന്നാണ് സൂചന. ഇതിന്റെ ഭാഗമായി പുതിയ സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയൊരു മാറ്റം കൊണ്ടുവന്നേക്കും. ആർസിബി പേര് മാറ്റുകയാണ് എന്നാണ് റിപ്പോർട്ട്. അതേസമയം,’റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ’ എന്ന പേര് ‘റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്നാണ് ഫ്രാഞ്ചൈസി സൂചന നൽകിയിരിക്കുന്നത്.
2014ൽ ‘ബാംഗ്ലൂർ’ നഗരത്തിന്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയൽ ചലഞ്ചേഴ്‌സ് തങ്ങളുടെ പേരിൽ മറ്റം വരുത്തിയിരുന്നില്ല.ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആർസിബി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 19-നായിരിക്കും പുതിയ പേര് ആർസിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അതേസമയം, ഐപിഎൽ സീസൺ ആരംഭിക്കുന്നത് തന്നെ ബാംഗ്ലൂർ ടീം ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പോരാടാൻ ഒരുങ്ങുകയാണ്. മാർച്ച് 22നാണ് മത്സരം.