റാഞ്ചി: ഇംഗ്ലണ്ടിന് മറക്കാനാഗ്രഹിക്കുന്ന മറ്റൊരു തോൽവി കൂടി സമ്മാനിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് ഇന്ത്യയ്ക്ക് വിജയം സ്വന്തമായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം ബാക്കി നിൽക്കെയാണ് ഇന്ത്യ പരമ്പര നേടിയത്.
രണ്ട് ഇന്നിംഗ്‌സിലും പാടെ തകർന്ന ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തോൽവി നാലാം ദിനത്തിൽ വന്നുചേരുകയായിരുന്നു. രണ്ടാമത്തെ ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മയും (52) ശുഭ്മൻ ഗില്ലും (55)അർധസെഞ്ച്വറി നേടി. രോഹിത്-ജയ്‌സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ടും ഗിൽ-ജുറെൽ ആറാം വിക്കറ്റ് കൂട്ടുകെട്ടുമാണ് ഇന്ത്യയ്ക്കായി വിജയം തീർത്തത്.
ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റെടുത്ത് ഷോയബ് ബാഷിർ രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങി. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേടി, അരങ്ങേറ്റ മത്സരത്തിൽ മികച്ചപ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു ബാഷിർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിംഗ്‌സിൽ ജോ റൂട്ട് പുറത്താകാതെ 122 റൺസ് നേടിയിരുന്നു. 58 റൺസ് നേടിയ ഓലി പോപ്പിന്റേതാണ് മറ്റൊരു ശ്രദ്ധേയമായ പ്രകടനം.
ഇന്ത്യയ്ക്കായി 67 റൺസ് വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജ 4 വിക്കറ്റും 83 റൺസിന് 3 വിക്കറ്റ് നേടി ആകാശ് ദീപുമാണ് മികച്ച പ്രകടനം നടത്തിയത്. ആകാശ് ദീപിന്റേതും അരങ്ങേറ്റ മത്സരമായിരുന്നു. ഇംഗ്ലണ്ടിന്റെ മുൻനിരവിക്കറ്റുകൾ വീഴ്ത്തി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത്.
സെഞ്ച്വറി നഷ്ടമായ ധ്രുവ് ജുറെലിന്റെ (90) പ്രകടനവും യശ്വസി ജയസ്വാളിന്റെ 73 റൺസ് നേടിയ പ്രകടനവുമാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 60 റൺസ് നേടിയ സാക്ക് ക്രോളിയും 30 റൺസ് നേടി ജോണി ബെയർസ്‌റ്റോയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
സ്‌കോർ: ഇംഗ്ലണ്ട്- 353/ 145
ഇന്ത്യ-307/192